വര്‍ക്ക്-ലൈഫ് ബാലന്‍സ്: മികച്ച നഗരങ്ങളുടെ പട്ടികയില്‍ ഓട്ടവയും വാന്‍കുവറും ടൊറന്റോയും 

By: 600002 On: May 28, 2022, 7:25 AM

വര്‍ക്ക് ലൈഫ് ബാലന്‍സ് അടിസ്ഥാനമാക്കിയുള്ള മികച്ച നഗരങ്ങളുടെ പട്ടികയില്‍ ഓട്ടവ, വാന്‍കുവര്‍, ടൊറന്റോ എന്നീ കനേഡിയന്‍ നഗരങ്ങള്‍ ഇടം നേടി. ഓഫീസ് സെക്യൂരിറ്റി സ്ഥാപനമായ 'കിസി' തയാറാക്കിയ 2022 ലെ വര്‍ക്ക്-ലൈഫ് ബാലന്‍സ് സൂചികയിലാണ് കാനഡയിലെ നഗരങ്ങള്‍ സ്ഥാനം നേടിയത്. യുഎസിലെ 51 നഗരങ്ങളും മറ്റ് രാജ്യങ്ങളിൽ നിന്നും  49 നഗരങ്ങളുമാണ് കിസി പട്ടികയ്ക്കായി പഠനവിധേയമാക്കിയത്.

ജോലി ചെയ്യാനുള്ള മികച്ച നഗരങ്ങള്‍ എന്നതിലുപരി പൗരന്മാര്‍ക്ക് ആരോഗ്യകരമായ വര്‍ക്ക്-ലൈഫ് ബാലന്‍സ് ലഭ്യമാക്കുന്ന നഗരങ്ങളേതൊക്കെയെന്ന് കാണിക്കുന്നതിനാണ് പഠനം ശ്രമിക്കുന്നതെന്ന് കിസി വ്യക്തമാക്കി. 

പട്ടികയില്‍ നോര്‍വെയുടെ തലസ്ഥാന നഗരമായ ഓസ്ലോയ്ക്കാണ് ഒന്നാം സ്ഥാനം. തൊട്ടുപിന്നില്‍ ബേണ്‍, ഹെല്‍സിങ്കി, സൂറിച്ച്, കോപ്പന്‍ഹേഗന്‍ എന്നീ നഗരങ്ങളും ഇടംപിടിച്ചു. പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള കനേഡിയന്‍ നഗരം ഓട്ടവയാണ്. 100 ല്‍ 95.51 സ്‌കോറുമായി ഓട്ടവ ഏഴാം സ്ഥാനത്താണ്. 92.23 സ്‌കോറുമായി വാന്‍കുവര്‍ 16-ാം സ്ഥാനത്തും, 91.12 സ്‌കോറുമായി ടൊറന്റോ 19-ാം സ്ഥാനത്തുമാണ്. കനേഡിയൻ നഗരങ്ങളുടെ പട്ടികയിൽപട്ടികയില്‍ ഏറ്റവും കുറവ് സ്‌കോര്‍ നേടിയത് കാല്‍ഗരിയാണ്. 89.38 സ്‌കോറുമായി 30-ാം സ്ഥാനത്താണ് കാല്‍ഗരി.