നിലവില്‍ 20 രാജ്യങ്ങളിലായി 200 മങ്കിപോക്സ് രോഗബാധിതരുണ്ടെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). വടക്കേ അമേരിക്കയിലും യൂറോപ്പിലും വ്യാപനം രൂക്ഷമാണ്. പുതിയ രാജ്യങ്ങളിലേക്ക് കൂടി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇപ്പോള്‍ ഉചിതമായ പ്രതിരോധ നടപടി സ്വീകരിച്ചാല്‍ രോഗം നിയന്ത്രിക്കാനാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
സാര്‍വത്രിക വാക്സിനേഷന് ആവശ്യമില്ലെന്നും രോഗഭീഷണിയുള്ള സ്ഥലങ്ങളില്‍ പ്രാദേശിക വാക്സിനേഷന് നടത്തുന്നതിലൂടെ രോഗബാധ നിയന്ത്രിക്കാനാകുമെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. വെള്ളിയാഴ്ച നടന്ന അവലോകന യോഗത്തില്‍, മങ്കിപോക്സിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായിട്ടില്ലെന്നും വൈറസിന്റെ ഏതെങ്കിലും ജനിതക വ്യതിയാനം പകര്‍ച്ചവ്യാധിക്ക് കാരണമാകുമെന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഡബ്ല്യുഎച്ച്ഒ വിശദീകരിച്ചു.
ഇതിനകം കാനഡ, ഇറ്റലി, സ്വീഡന് തുടങ്ങിയ രാജ്യങ്ങളില്‍ ആദ്യ മങ്കിപോക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.കാനഡയിലെ ക്യുബെക് പ്രവിശ്യയിലാണ് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. ഇതുവരെ 26 കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് രോഗം വ്യാപിച്ചതായാണ് സംശയിക്കുന്നതെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളും മറ്റ് നടപടികളും സ്വീകരിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.