കയോട്ടി ആക്രമണം; കാൽഗറി ഫിഷ് ക്രീക്ക് പ്രൊവിൻഷ്യൽ പാർക്ക് ഭാഗീകമായി അടച്ചു

By: 600007 On: May 27, 2022, 10:02 PM

 

ആക്രമണകാരികളായ കയോട്ടികൾ ഒരു നായയെയും ഉടമയെയും ആക്രമിച്ചതിനെ തുടർന്ന് കാൽഗറിയിലെ ഫിഷ് ക്രീക്ക് പ്രൊവിൻഷ്യൽ പാർക്കിന്റെ ഒരു ഭാഗം താത്കാലികമായി അടച്ചു. ഫിഷ് ക്രീക്ക് പ്രൊവിൻഷ്യൽ പാർക്കിൽ, പാർക്ക്‌ലാൻഡിന്റെ തെക്ക് മുതൽ ഫിഷ് ക്രീക്ക് വരെയുള്ള ട്രെയിലുകളും പാർക്ക്‌സൈഡ് ഗ്രീൻ (SE) / പാർക്ക്‌സൈഡ് ഡ്രൈവ് (SE) മുതൽ പാർക്ക്‌വിസ്റ്റ ക്രസന്റ് (SE) വരെയുള്ള ഇന്റർസെക്ഷനുമാണ് താത്കാലികമായി അടച്ചിരിക്കുന്നത്. പാർക്കിന്റെ അടച്ചിട്ടുള്ള ഭാഗങ്ങൾ എന്ന് മുതൽ വീണ്ടും പൊതു ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നുള്ളത് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

എന്താണ് കയോട്ടികളുടെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നോ ആക്രമണം എപ്പോഴാണ് നടന്നതെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ആൽബെർട്ട പാർക്ക് അധികൃതർ പുറത്തുവിട്ടിട്ടില്ല. പാർക്ക് സന്ദർശിക്കുമ്പോൾ നായ്ക്കളുടെ ഉടമകൾ വളർത്തുമൃഗങ്ങളെ എല്ലായ്‌പ്പോഴും ലീഷിലും രണ്ട് മീറ്റർ പരിധിക്കുള്ളിലും നിർത്തണമെന്ന് ആൽബെർട്ട പാർക്ക് നിർദ്ദേശിച്ചു.