ഹൈഡ്രജൻ പവർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ സെമി ട്രക്ക് എന്ന ആശയവുമായി ആൽബെർട്ട. കാഴ്ചയിൽ സാധാരണ സെമി ട്രക്കുകൾ പോലെയാണെങ്കിലും, മണം ഇല്ല എന്നതും പ്രവർത്തനക്ഷമതയിലെ മികവുമാണ് ഇതിന്റെ പ്രത്യേകതയായി കാണാൻ കഴിയുന്നത്. ട്രക്കുകളിൽ ഹുഡിന് താഴെ ഡീസൽ എഞ്ചിനുകൾ ഇല്ലഎന്നതാണ് കാരണം.
എഡ്‌മന്റൺ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഇന്റർനാഷണൽ ഹൈഡ്രജൻ ആൻഡ് ഫ്യൂവൽ സെൽ ഈവന്റിൽ ഇത്തരം നിരവധി ട്രക്കുകളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ബാറ്ററി, ഹൈഡ്രജൻ സ്റ്റോറേജ് സിസ്റ്റം എന്നിവ ഉൾപ്പെടുന്ന ഇന്ധന സെൽ സിസ്റ്റമാണ് എഞ്ചിനു പകരമായി ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് ഹൈസൺ മോട്ടോഴ്സിൽ നിന്നുള്ള കോറി ഫുമാർക്കർ മാധ്യമങ്ങളോട് വിശദീകരിച്ചു.
ഡീസലിന്റെ മണം, വൈബ്രേഷൻ എന്നിവ ഇല്ലായെന്നുള്ളത് ഇതിന്റെ പ്രത്യേകതകളാണ്. ഹൈഡ്ര, ലോഡ്‌സ് വുഡ്, ടൊയോട്ട, ഹൈസൺ എന്നീ കമ്പനികളും ട്രക്ക് വാൾ എന്ന ഈ ഈവന്റിൽ സാന്നിധ്യം അറിയിക്കുന്നുണ്ട്. ഹൈസൺ ഫ്യുവൽ സെൽ ഇലക്ട്രിക്ക് വാഹനത്തിന് 37000 കിലോഗ്രാമിൽ കൂടുതൽ ഭാരം വഹിക്കാനും ഒറ്റത്തവണ ചാർജിൽ 500 Km വരെ സഞ്ചരിക്കുവാനും സാധിക്കും.
അതേ സമയം അന്തരീക്ഷമലിനീകരണം ഇല്ല എന്നുള്ളതും കൂടാതെ 15 മിനിറ്റിനുള്ളിൽ ഇന്ധനം നിറയ്ക്കാനും സാധിക്കുമെന്നുള്ളതും ഹൈഡ്രജൻ ട്രക്കിന്റെ പ്രധാന സവിശേഷതയാണ്. ചില ആൽബെർട്ട കമ്പനികൾ നിലവിൽ ഹൈഡ്രജനും ഡീസലും ഉപയോഗിച്ചുള്ള ട്രക്കുകൾ പരീക്ഷിക്കുന്നുണ്ട്.
ഹൈഡ്രജൻ ഇന്ധനം ലഭ്യമല്ലെങ്കിൽ നേരിട്ട് ഡീസലിൽ പ്രവർത്തിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ഹൈഡ്രജൻ-ഡീസൽ കോംബോയ്ക്ക് ഹൈഡ്രജൻ മാത്രമുള്ള മോഡലിനേക്കാൾ വില കുറവായതിനാൽ ഈ മോഡലിന് വിപണി സാധ്യത കൂടുതലാണ്. ഇപ്പോൾ പരീക്ഷിക്കുന്ന മോഡലിന് 500,000 USD യിൽ അധികം ചിലവ് വരുന്നതിനാൽ വില കുറയ്ക്കുന്നതിനുള്ള സാധ്യതകൾ പഠിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഫുമാർക്കർ കൂട്ടിച്ചേർത്തു.