കാംലൂപ്‌സ് ബി സി വ്യവസായ പാർക്കിലുണ്ടായ അമോണിയ ചോർച്ചയിൽ ഒരാൾ മരിച്ചു.

By: 600007 On: May 27, 2022, 3:21 PM

കാംലൂപ്‌സ് ബി സിയിൽ ഐസ് നിർമ്മാണ ശാലയിൽ വ്യാഴാഴ്‌ചയുണ്ടായ വാതകച്ചോർച്ചയെത്തുടർന്ന് ഒരാൾ മരിച്ചു. നിർമാണശാലയിൽ അറ്റകുറ്റ പണിക്കായി നിയോഗിക്കപ്പെട്ട കരാറുകാരനാണ് മരണപ്പെട്ടത് എന്ന് നഗരത്തിലെ ഡെപ്യൂട്ടി ഫയർ ചീഫ് റയാൻ കെയിൽ അറിയിച്ചു.

അമോണിയ സൂക്ഷിച്ചിരുന്ന കുപ്പിയുടെ തകരാറാണ് അപകടകാരണമെന്ന് കരുതുന്നതായി റയാൻ കെയിൽ പറഞ്ഞു. വാൽവ് അഴിച്ചു മാറ്റപ്പെടുകയോ, പൊട്ടിപ്പോവുകയോ, തകരാറിലാകുകയോ ചെയ്തതുമൂലം വലിയ അളവിൽ അമോണിയ പുറത്തേക്ക് വ്യാപിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റ് രണ്ടു ജോലിക്കാർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. പരിക്കേറ്റ മൂന്നുപേരിൽ ഒരാളുടെ നില ഗുരുതരമാണ്. മൗണ്ട് പോൾ ഇൻഡസ്ട്രിയൽ പാർക്കിൽ 730 ഈസ്റ്റ് സാർസി സെന്റ് എന്ന സ്ഥലത്താണ് ചോർച്ചയുണ്ടായത്. അപകടത്തെ തുടർന്ന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ആളുകളെ താൽക്കാലികമായി ഒഴിപ്പിച്ചു.

സംഭവത്തിൽ അന്വേഷണം ആരംഭിക്കുന്നതിനായി ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർമാരുടെ സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന് വർക്ക് സേഫ് ബി സി അറിയിച്ചു. മരിച്ച വ്യക്തിയുടെ കുടുംബത്തിന് പൊതു സുരക്ഷാ മന്ത്രി മൈക്ക് ഫാർൺവർത്ത് അനുശോചനം അറിയിച്ചു.

Photo Courtesy  : CFJC Today