ആഢംബര കപ്പല്‍ മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ നിരപരാധിയെന്ന് നാര്‍കോടിക്‌സ് ബ്യൂറോ(എന്‍സിബി). എൻ.സി.ബി സമർപ്പിച്ച കുറ്റപത്രത്തിലാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കുന്നത്. ലഹരിമരുന്ന് സംഘമായോ ലഹരിക്കടത്തിന്റെ ഗൂഢാലോചനയിലോ ആര്യന്‍ ഖാന് ബന്ധമുണ്ടെന്നതിന് തെളിവുകളില്ല. കപ്പലില്‍ നിന്ന് ആര്യന്‍ ഖാനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് മുംബൈയിലെ ആഢംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തത്. പിന്നീട് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ആര്യന്‍ ഖാനൊപ്പം അന്ന് 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മൂന്നാഴ്ച നീണ്ട ജയില്‍വാസത്തിനു ശേഷമാണ് ബോംബെ ഹൈക്കോടതി ഒക്ടോബര്‍ 28 ന് ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയ്ക്കും ആള്‍ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. ആര്യന്‍ ഖാന് വേണ്ടി ഒരു ലക്ഷം രൂപയുടെ ആള്‍ ജാമ്യം നിന്നത് ഷാരൂഖിന്റെ സഹതാരവും അടുത്ത സുഹൃത്തുമായ ജൂഹി ചൗളയാണ്.