ആരോഗ്യ മേഖലയില്‍ സ്റ്റാഫുകളുടെ ക്ഷാമം: ആല്‍ബെര്‍ട്ട ഇഎംഎസ് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു 

By: 600002 On: May 27, 2022, 11:18 AM


ആല്‍ബെര്‍ട്ടയിലെ ആരോഗ്യ പരിപാലന സംവിധാനം നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമായി കൂടുതല്‍ പാരാമെഡിക്കൽ സ്റ്റാഫുകളെ നിയമിക്കാനും നിലവിലുള്ള ജീവനക്കാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കാനും നടപടികളുമായി സര്‍ക്കാര്‍. മതിയായ ജീവനക്കാരില്ലാത്തതിനാല്‍ അടിയന്തര ചികിത്സ ആവശ്യമായവരെ ആശുപത്രിയിലെത്തിക്കാനും ചികിത്സ ഉറപ്പാക്കാനും സാധിക്കാതെ വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യമേഖലയിലെ മാറ്റങ്ങള്‍ക്കായുള്ള സര്‍ക്കാരിന്റെ നടപടി. 

സെപ്റ്റംബര്‍ മാസത്തോടെ ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് നൂറോളം മുഴുവന്‍ സമയ ഇഎംഎസ്(എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ്) തസ്തികകള്‍ നികത്തുമെന്നും മറ്റ് 70 താല്‍ക്കാലിക ജീവനക്കാരുടെ കാലാവധി നീട്ടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസും സര്‍ക്കാര്‍ നിയോഗിച്ച ഇഎംഎസ് ഉപദേശക സമിതിയും മുന്നോട്ടുവെച്ച ശുപാര്‍ശകള്‍ പരിഗണിച്ചാണ് ആരോഗ്യ മന്ത്രാലയം പുതിയ നടപടികൾ സ്വീകരിക്കുന്നത്.