ഒന്റാരിയോ തെരഞ്ഞെടുപ്പ്:  ഡൗണ്‍ടൗണ്‍ ടൊറന്റോയില്‍ പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണം 29 ആയി കുറച്ചു

By: 600002 On: May 27, 2022, 10:36 AM

 

അടുത്തയാഴ്ച നടക്കുന്ന ഒന്റാരിയോ തെരഞ്ഞെടുപ്പില്‍ ടൊറന്റോയിലെ വോട്ടെടുപ്പിനായുള്ള പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണം വെട്ടിക്കുറച്ചതായി ഇലക്ഷന്‍സ് ഒന്റാരിയോ. 2018 ലെ തെരഞ്ഞെടുപ്പില്‍ 116 പോളിംഗ് സ്‌റ്റേഷനുകളാണ് അനുവദിച്ചതെങ്കില്‍, ഇത്തവണ ടൊറന്റോയില്‍ സ്പാഡിന-ഫോര്‍ട്ട് യോര്‍ക്കില്‍ 29 പോളിംഗ് സ്‌റ്റേഷനുകള്‍ മാത്രമാണ് അനുവദിക്കുകയെന്ന് ഇലക്ഷന്‍സ് ഒന്റാരിയോ വക്താവ് അറിയിച്ചു. 

കോവിഡ്-19 ആശങ്കകള്‍ക്കിടയിലാണ് പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണം 75 ശതമാനത്തോളം കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറയുന്നു. എന്റര്‍കെയര്‍ സെന്റര്‍(Enercare Centre),  മെട്രോ ഹാള്‍, ചില ഹോട്ടലുകള്‍, സ്‌കൂളുകള്‍ തുടങ്ങി വലിയ ഏരിയകളുള്ള സ്ഥലങ്ങളില്‍ 29 ഓളം പോളിംഗ് സ്‌റ്റേഷനുകളാണ് വോട്ട് രേഖപ്പെടുത്താനായി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഇലക്ഷന്‍സ് ഒന്റാരിയോ മാധ്യമങ്ങളോട് പറഞ്ഞു. ഈ നടപടി വോട്ടിംഗ് പ്രക്രിയ എളുപ്പമാക്കുവാനും, വേഗത്തിലാക്കാനും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 

2018 ലെ അപ്പാര്‍ട്ട്‌മെന്റ്, കോണ്ടോ പോളിംഗ് ലൊക്കേഷനുകളില്‍ നിന്ന് വ്യത്യസ്തമായി പോളിംഗ് സ്‌റ്റേഷനുകളില്‍ ഇ-പോള്‍ ബുക്കുകളും(ePoll books), വോട്ട് ടാബുലേറ്ററുകളും ഉണ്ടായിരിക്കുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. പ്രവിശ്യാ തെരഞ്ഞെടുപ്പിനായി അഡ്വാന്‍സ് പോളുകള്‍ ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ദിനമായ ജൂണ്‍ 2 ന് രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ ജനങ്ങള്‍ക്ക് പോളിംഗ് സ്‌റ്റേഷനുകളില്‍ എത്തി വോട്ട് രേഖപ്പെടുത്താം.