മാര്‍ച്ച് മാസത്തില്‍ കാനഡയിലെ ജോലി ഒഴിവുകളില്‍ റെക്കോര്‍ഡ് വര്‍ധന: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ

By: 600002 On: May 27, 2022, 8:20 AM

അഞ്ച് മാസത്തെ ഇടിവിനുശേഷം കാനഡയിലുടനീളമുള്ള തൊഴില്‍മേഖലയിലെ ഒഴിവുകളുടെ എണ്ണം മാര്‍ച്ച് മാസത്തില്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. ആരോഗ്യ പരിപാലനം, സാമൂഹിക സേവന മേഖല, നിര്‍മാണ മേഖല എന്നിവയില്‍ റെക്കോര്‍ഡ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ താമസ, ഭക്ഷണ സേവനങ്ങള്‍, റീട്ടെയ്ല്‍ എന്നിവയില്‍ ഒഴിവുകള്‍ മൂന്നിലൊന്ന് വര്‍ധിച്ചു. 

താമസ-ഭക്ഷണ സേവന മേഖലകളില്‍ 158,000 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യ മേഖലയില്‍ 154,000 ഒഴിവുകളും നിര്‍മാണ മേഖലകളില്‍ 82,000 ഒഴിവുകളും രേഖപ്പെടുത്തിയിട്ടുണ്ട്. സസ്‌ക്കാച്ചെവന്‍, നോവാ സ്‌കോഷ്യ, ന്യൂഫൗണ്ട്‌ലാന്‍ഡ്, ലാബ്രഡോര്‍ എന്നിവടങ്ങളിലാണ് ഏറ്റവും വലിയ വര്‍ധനവ് രേഖപ്പെടുത്തിയത്. എല്ലാ പ്രവിശ്യകളിലും ജോലി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വര്‍ധനയും തൊഴിലാളികളുടെ ഉയര്‍ന്ന ഡിമാന്‍ഡും കാരണം മാര്‍ച്ചിന് മുമ്പ്, തൊഴിലവസരങ്ങള്‍ തുടര്‍ച്ചയായി അഞ്ച് മാസത്തെ ഇടിവാണ് രേഖപ്പെടുത്തിയത്.