മങ്കിപോക്‌സ്:  ഒന്റാരിയോയില്‍ ആദ്യ കേസ് സ്ഥിരീകരിച്ചു; കാനഡയില്‍ രോഗബാധിതരുടെ എണ്ണം 26 ആയി 

By: 600002 On: May 27, 2022, 7:26 AM

 

ഒന്റാരിയോയില്‍ ഒരു മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചതായി പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ(പിഎച്ച്എസി). ഇതോടെ കാനഡയില്‍ സ്ഥിരീകരിച്ച മങ്കിപോക്‌സ് കേസുകളുടെ എണ്ണം 26 ആയി. ക്യുബെക്കിലാണ് 25 കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് പിഎച്ച്എസി വ്യക്തമാക്കി. 

ഒന്റാരിയോയില്‍ ടൊറന്റോയിലാണ് ഒരു മങ്കിപോക്‌സ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ടൊറന്റോ പബ്ലിക് ഹെല്‍ത്ത് അറിയിച്ചു. മങ്കിപോക്‌സ് ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്നതും സാധ്യതയുള്ളതുമായ നിരവധി കേസുകള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ടൊറന്റോ പബ്ലിക് ഹെല്‍ത്ത് വ്യക്തമാക്കി. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍ തന്നെ ഒരു മെഡിക്കല്‍ പ്രൊഫഷണലിനെ സമീപിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. കൂടുതല്‍ സംശയാസ്പ്ദമായ കേസുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതിനാല്‍തന്നെ മങ്കിപോക്‌സ് കൂടുതല്‍ പേരില്‍ വ്യാപിക്കാന്‍ സാധ്യതയുള്ളതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വിലയിരുത്തുന്നു. 

അതേസമയം, ക്യുബെക്കില്‍ വെള്ളിയാഴ്ച മുതല്‍ മങ്കിപോക്‌സ് വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. ലൂക്ക് ബോയ്‌ലോ അറിയിച്ചു. മങ്കിപോക്‌സ് ഉള്ളവരുമായി അടുത്തിടപഴകിയ ആളുകള്‍ക്കാണ് വാക്‌സിന്‍ നല്‍കുക.