ഐഎസ് തീവ്രവാദ കേസ്: കാല്‍ഗരി സ്വദേശിക്ക് 12 വര്‍ഷം തടവ് 

By: 600002 On: May 27, 2022, 6:48 AM

തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി(ഐഎസ്)ബന്ധപ്പെട്ട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കാല്‍ഗരി സ്വദേശിക്ക് 12 വര്‍ഷം തടവ് ശിക്ഷ. ഹുസൈന്‍ ബോര്‍ഹോട്ട്(36) എന്നയാളെയാണ് കാല്‍ഗരി ക്വീന്‍സ് ബെഞ്ച് കോടതി ശിക്ഷിച്ചത്. ക്രൗണില്‍ നിന്നും ഡിഫെന്‍സില്‍ നിന്നുമുള്ള സംയുക്ത ശിക്ഷാ ശുപാര്‍ശ ജസ്റ്റിസ് ഡേവിഡ് ലാബ്രന്‍സ് അംഗീകരിക്കുകയായിരുന്നു. വളരെ ഗുരുതരമായ കുറ്റകൃത്യമാണിതെന്ന് ശിക്ഷാവിധിക്ക് ശേഷം ജഡ്ജി കോടതിയില്‍ വ്യക്തമാക്കി. 

ഹുസൈന്‍ ബോര്‍ഹോട്ട് തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ കോടതിയില്‍ സമ്മതിച്ചു. 2013 മെയ് 9 നും 2014 ജൂണ്‍ 7 നും ഇടയില്‍ ഐഎസിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതായും സിറിയയിലായിരിക്കുമ്പോള്‍ തീവ്രവാദ ഗ്രൂപ്പിന് വേണ്ടി തട്ടിക്കൊണ്ടുപോകല്‍ നടത്തിയതായും ബോര്‍ഹോട്ട് കഴിഞ്ഞ മാസം കുറ്റസമ്മതം നടത്തിയിരുന്നു. 

തീവ്രവാദ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിന് എട്ട് വര്‍ഷവും തട്ടിക്കൊണ്ടുപോകലിന് നാല് വര്‍ഷവും ബോര്‍ഹോട്ട് ശിക്ഷ അനുഭവിക്കണം. തോക്ക് ഉപയോഗിക്കുന്നതിന് ആജീവനാന്ത വിലക്കും കോടതി വിധിച്ചിട്ടുണ്ട്. 

ഏഴ് വര്‍ഷത്തെ അന്വേഷണത്തിന് ശേഷം 2020 ജൂലൈയിലാണ് ഹുസൈന്‍ ബോര്‍ഹോട്ടിനെ പോലീസ് അറസ്റ്റ് ചെയ്തത്.