ആല്‍ബെര്‍ട്ടയിലെ നിരത്തുകളില്‍ ട്രാഫിക് ലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് കര്‍ശന താക്കീതുമായി ആല്‍ബെര്‍ട്ടയിലെ റോക്കി മൗണ്ടെയ്ന്‍ ഹൗസ് ആര്‍സിഎംപി. ട്രാഫിക് നിയമങ്ങളെ കുറിച്ച് വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതിനെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. വാരാന്ത്യ പട്രോളിംഗില്‍ 2,804 ട്രാഫിക് സേഫ്റ്റി ടിക്കറ്റുകളാണ് ട്രാഫിക് ലംഘനം നടത്തിയവര്‍ക്ക് നല്‍കിയതെന്ന് പോലീസ് പറഞ്ഞു.
ട്രാഫിക് പിഴ നല്‍കേണ്ടി വന്നവരില്‍ 1,280 പേര്‍ അമിതവേഗതയില്‍ വാഹനമോടിച്ചവരാണ്. 74 പേര്‍ അശ്രദ്ധമായി വാഹനമോടിച്ചതായും 66 പേര്‍ ശരിയായി സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചതായും കണ്ടെത്തി. മെയ് 16 മുതല്‍ 23 വരെ മാത്രം അഞ്ച് വാഹനപകടങ്ങളിലായി ആറ് പേരാണ് ആല്‍ബെര്‍ട്ടയില്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ പ്രവിശ്യയിലെ ഡ്രൈവര്‍മാരെ ട്രാഫിക് നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ പോലീസ് പ്രോത്സാഹിപ്പിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.