വ്യാഴാഴ്ച ഉച്ചയ്ക്ക് സ്കാർബറോയിലെ പോർട്ട് യൂണിയൻ ഏരിയയിൽ സ്‌കൂളിന് സമീപം തോക്കുമായി നടന്നയാളെ പോലീസ് വെടിവെച്ച് കൊന്നു. സംഭവത്തെത്തുടർന്ന് സമീപ പ്രദേശത്തുള്ള ചില സ്‌കൂളുകൾ താല്ക്കാലികമായി അടച്ചിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഒരാൾ തെരുവിൽ തോക്കുമായി നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് ഇയാളെ കണ്ടെത്തുകയും വെടിവെച്ച് കീഴ്പെടുത്താനുള്ള ശ്രമവുമായിരുന്നു. എന്നാൽ പോലീസിന്റെ വെടിയേറ്റ് പ്രതി സംഭവസ്ഥലത്തു വെച്ച് തന്നെ കൊല്ലപ്പെട്ടു. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
പോലീസിന്റെ വെടിവെയ്പ്പിൽ പ്രതി കൊല്ലപ്പെട്ട ഈ സംഭവം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (SIU) അന്വേഷിക്കുമെന്ന് ടൊറന്റോ പോലീസ് ചീഫ് അറിയിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജന സുരക്ഷ ഭീഷണിയൊന്നും നിലവിലില്ലെന്നും പ്രദേശത്ത് ഉദ്യോഗസ്ഥർ പട്രോളിംഗ് ശക്തമാക്കുമെന്നും പോലീസ് മേധാവി അറിയിച്ചു.