ക്യുബെക്കിൽ 25 മങ്കിപോക്സ് കേസുകൾ സ്ഥിരീകരിച്ചതോടെ വെള്ളിയാഴ്ച മുതൽ മങ്കിപോക്സ് വാക്സിനേഷൻ ആരംഭിക്കുമെന്ന് പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. ലൂക്ക് ബോയ്‌ലോ അറിയിച്ചു. മങ്കിപോക്സ് ഉള്ളവരുമായി അടുത്തിടപഴകിയ ആളുകൾക്കാണ് വാക്‌സിൻ നൽകുക. ഇത് വരെ 25 മങ്കിപോക്സ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും സംശയിക്കപ്പെടുന്ന 20 മുതൽ 30 വരെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡോ. ലൂക്ക് ബോയ്‌ലോ മാധ്യമങ്ങളോട് പറഞ്ഞു.
മങ്കിപോക്സ് ബാധയെ നേരിടാനുള്ള ഇംവാമ്യൂൺ വാക്‌സിൻ ക്യൂബെക്കിലേക്ക് ചൊവ്വാഴ്ച കാനഡ പബ്ലിക് ഹെൽത്ത് ഏജൻസി എത്തിച്ചിരുന്നു. ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടൻ തന്നെ ഒരു മെഡിക്കൽ പ്രൊഫഷണലിനെ സമീപിക്കാനും മാസ്‌ക് ധരിക്കുന്നതും വ്രണങ്ങൾ മറയ്ക്കുന്നതും പോലുള്ള പൊതുജനാരോഗ്യ നടപടികൾ പാലിക്കാൻ ഡോ.ബോയ്‌ലോ നിർദ്ദേശിച്ചു. സ്ഥിതിഗതികൾ ഗുരുതരമാണെന്നും എന്നാൽ കോവിഡിന് സമാനമായ വ്യാപനം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മങ്കിപോക്സ് രോഗബാധിതരിൽ ആരും തന്നെ ഗുരുതരമായ രോഗബാധിതരല്ലെന്നും രോഗം മൂലമുള്ള ഗുരുതരമായ അപകടസാധ്യത കുറവാണെന്നും മോൺട്രിയൽ പബ്ലിക് ഹെൽത്ത് അറിയിച്ചു. സാധാരണയായി ആളുകൾക്കിടയിൽ എളുപ്പത്തിൽ പടരുന്ന രോഗമല്ല മങ്കിപോക്സ്. രോഗബാധിതരുടെ ശ്വസന തുള്ളികളുമായോ ശരീരസ്രവങ്ങളുമായോ മുറിവുകളുമായോ ദീർഘനേരം അടുത്തിടപഴകുന്നതിലൂടെയാണ് രോഗം പകരാനുള്ള സാധ്യത എന്നാണ് റിപ്പോർട്ടുകൾ.