ആര്‍ക്കന്‍സാ ഗവര്‍ണര്‍ റിപ്പബ്ലിക്കന്‍ പ്രൈമറി സാറാ ഹക്കബിക്ക് തിളക്കമാര്‍ന്ന വിജയം

By: 600084 On: May 26, 2022, 5:25 PM

പി പി ചെറിയാൻ, ഡാളസ്.

ലിറ്റല്‍റോക്ക്(അര്‍ക്കന്‍സാസ്): അര്‍ക്കന്‍സാസ് പ്രൈമറിയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളായ സാറ ഹക്കബി(39) ട്രമ്പിന്റെ പിന്തുണയോടെ മത്സരിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥി ഫ്രാന്‍സീസ് വാഷ്‌ബേണിന് കനത്ത പരാജയം. ആകെപോള്‍ ചെയ്ത വോട്ടുകളില്‍ 288813(83.1%), സാറാ ഹക്കമ്പിക്ക് ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥിക്ക് 58568(16.9%) വോട്ടുകള്‍ കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.

ജോര്‍ജിയായില്‍ ട്രമ്പിന്റെ പിന്തുണയോടെ മത്സരിച്ച പെര്‍ഡ്യു റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ നിലവിലുള്ള  ഗവര്‍ണ്ണര്‍ കെംപിനോട് പരാജയപ്പെട്ടതു ട്രമ്പിന് വലിയ തിരിച്ചടിയായെങ്കില്‍ അര്‍ക്കന്‍സാസിലെ വിജയം ട്രമ്പിന് അല്പം ആശ്വാസം നല്‍കിയിട്ടുണ്ട്. ഡമോക്രാറ്റ് പ്രൈമറിയില്‍ ക്രിസ് ജോണ്‍ വിജയിയായി.

നവംബറില്‍ നടക്കുന്ന ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ സാറ ഹക്കമ്പിയും, ക്രിസ് ജോണും ഏറ്റുമുട്ടും. റെഡ് സ്‌റ്റേറ്റ് ആയി അറിയപ്പെടുന്ന അര്‍ക്കന്‍സാസില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി അനായാസ വിജയം നേടുമെന്നത് ഉറപ്പാണ്.

ട്രംമ്പിന്റെ പ്രസ് സെക്രട്ടറിയായി വൈറ്റ് ഹൗസില്‍ നല്ല പ്രകടനം കാഴ്ചവെച്ച സാറാ കാലാവധി പൂര്‍ത്തീകരിക്കുന്നതിനു മുമ്പു സ്ഥാനം ഒഴിഞ്ഞിരുന്നു. അതിനേക്കാള്‍ ഉയര്‍ന്ന പദവി നേടിയെടുക്കുക എന്നതായിരുന്നു അവരുടെ രാഷ്ട്രീയ ലക്ഷ്യം.

മുന്‍ അര്‍ക്കന്‍സാസ് ഗവര്‍ണ്ണര്‍ മൈക്ക് ഹക്കബിയുടെ മകള്‍ എന്ന പരിഗണന കൂടി ലഭിച്ചത് സാറായുടെ വിജയം എളുപ്പമാക്കി. സാറാ ഗവര്‍ണ്ണര്‍ ആകുന്നതോടെ ആദ്യ വനിതാ ഗവര്‍ണ്ണര്‍ പദവി കൂടി ഇവര്‍ക്കു ലഭ്യമാകും.