വാടകത്തട്ടിപ്പുകള്‍ ഏറുന്നു;  മുന്നറിയിപ്പുമായി കോക്വിറ്റ്‌ലാം ആര്‍സിഎംപി 

By: 600002 On: May 26, 2022, 1:34 PM


കോക്വിറ്റ്‌ലാമില്‍ വാടകവീടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആര്‍സിഎംപി. വ്യാജ ലിസ്റ്റിംഗുകളില്‍ നിന്ന് വന്‍ തോതില്‍ പണം നഷ്ടമായതായി ഒന്നിലധികം പേര്‍ പരാതിയുമായി മുന്നോട്ട് വന്നതായി പോലീസ് വ്യക്തമാക്കി. പ്രധാനമായും ഓണ്‍ലൈന്‍ വഴി പ്രോപ്പര്‍ട്ടികളുടെ പരസ്യം ചെയ്താണ് തട്ടിപ്പുകാര്‍ ഇരകളെ വീഴ്ത്തുന്നത്. ഇത്തരം വ്യാജ പരസ്യങ്ങള്‍ കണ്ട് വാടക വീടിനായി സമീപിക്കുന്നവരില്‍ നിന്നും പണം തട്ടിയെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ചില തട്ടിപ്പുകളില്‍ പരസ്യം നല്‍കുമ്പോള്‍ വാടക വീടിന്റെ ചിത്രമോ മറ്റ് വിവരങ്ങളോ നല്‍കാതെയാണ് പണം ആവശ്യപ്പെടുന്നതെന്നും പോലീസ് പറയുന്നു. 

മത്സരാധിഷ്ഠിത റെന്റല്‍മാര്‍ക്കറ്റില്‍ ഇത്തരം തട്ടിപ്പുകള്‍ ഏറി വരികയാണെന്നും ഉയര്‍ന്ന വീട്ടുവാടകകള്‍ തട്ടിപ്പുകാരെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. കുറഞ്ഞ വാടകയ്ക്ക് വീടുകളോ റൂമുകളോ നല്‍കാമെന്ന് പറഞ്ഞ് പറ്റിക്കുന്നവര്‍ ഒരു താമസസൗകര്യത്തിനായി വീടുകള്‍ തിരയുന്ന ആളുകളെ മുതലെടുക്കുകയാണ് ചെയ്യുന്നതെന്നും പോലീസ് ചൂണ്ടിക്കാട്ടി. 

സംശയം തോന്നാത്ത രീതിയില്‍ പെരുമാറുന്ന തട്ടിപ്പുകാര്‍ക്ക് പണം കൈമാറുന്നതിനു മുമ്പ് വാടകക്കാര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് പോലീസ് നിര്‍ദേശിച്ചു. വാടകവീടുകളോ, റൂമുകളോ അന്വേഷിക്കുമ്പോള്‍ അംഗീകൃത ഏജന്‍സികള്‍, വ്യക്തികള്‍ എന്നിവ വഴി മാത്രം ഇടപാട് നടത്തുക. ഓണ്‍ലൈന്‍ വഴിയുള്ള പരസ്യങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തിയതിനു ശേഷം മാത്രം മുന്നോട്ടുള്ള നടപടികളിലേക്ക് കടക്കാവൂയെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. തട്ടിപ്പിന് ഇരയായെന്ന് കരുതിയാല്‍ ഉടന്‍ 604-945-1550 എന്ന നമ്പറില്‍ കോക്വിറ്റ്‌ലാം ആര്‍സിഎംപിയുമായി ബന്ധപ്പെടാന്‍ പോലീസ് നിര്‍ദേശിച്ചു.