ലൈംഗികത്തൊഴില്‍ ഇനി നിയമപരം; ചരിത്ര വിധിയുമായി സുപ്രീംകോടതി 

By: 600002 On: May 26, 2022, 12:57 PM


ലൈംഗിക തൊഴില്‍ സംബന്ധിച്ച് നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. ലൈംഗികത്തൊഴില്‍ നിയമപരമാക്കി സുപ്രീംകോടതി ഉത്തരവിറക്കി. ലൈംഗിക തൊഴിലാളികളെ ശല്യപ്പെടുത്താന്‍ പാടില്ലെന്നും അവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ എടുക്കാന്‍ പാടില്ലെന്നും സുപ്രീം കോടതി നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. 

വേശ്യാവൃത്തി ഒരു തൊഴിലാണെന്നും ലൈംഗികത്തൊഴിലാളികള്‍ക്ക് നിയമപ്രകാരം അന്തസ്സിനും തുല്യ പരിരക്ഷയ്ക്കും അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയായതും, സ്വമേധാ ലൈംഗിക തൊഴില്‍ ചെയ്യുന്നവര്‍ക്കുമാണ് ഈ നിയമം ബാധകമാവുക.

ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി ആറ് നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചു. ലൈംഗികത്തൊഴിലാളികള്‍ക്കും നിയമത്തിന്റെ തുല്യ സംരക്ഷണത്തിനുള്ള അര്‍ഹതയുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. പ്രായത്തിന്റെയും സമ്മതത്തിന്റെയും അടിസ്ഥാനത്തില്‍ എല്ലാ കേസുകളിലും ക്രിമിനല്‍ നിയമം ഒരുപോലെ ബാധകമാകണം. ലൈംഗികത്തൊഴിലാളി പ്രായപൂര്‍ത്തിയായ ആളാണെന്നും സമ്മതത്തോടെയാണ് പങ്കെടുക്കുന്നതെന്നും വ്യക്തമായാല്‍ ഇടപെടുന്നതില്‍ നിന്നോ ക്രിമിനല്‍ നടപടിയെടുക്കുന്നതില്‍ നിന്നോ പോലീസ് വിട്ടുനില്‍ക്കണം.