ടൊറന്റോ നഗരത്തിലുടനീളം കാര്‍ജാക്കിംഗ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ അന്വേഷണവിഭാഗത്തെ നിയമിച്ചതായി റിപ്പോര്‍ട്ട്. ഓര്‍ഗനൈസ്ഡ് ക്രൈം ഇന്‍വെസ്റ്റിഗേറ്റീവ് സപ്പോര്‍ട്ട് ടീം എന്ന പേരില്‍ അന്വേഷണ വിഭാഗം ഈ ആഴ്ച മുതല്‍ ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിക്കുമെന്ന് ടൊറന്റോ പോലീസ് അറിയിച്ചു. ടൊറന്റോ പോലീസ് സര്‍വീസിലുള്ള വിവിധ റാങ്കിംഗിലുള്ള ഉദ്യോഗസ്ഥരും സിവിലിയന്‍ സപ്പോര്‍ട്ട് സ്റ്റാഫും ഉള്‍പ്പെടുന്നതാണ് പുതിയ അന്വേഷണ വിഭാഗം.
2.3 മില്യണ്‍ ഡോളര്‍ ഫണ്ടിംഗ് ഉപയോഗിച്ചാണ് അന്വേഷണ വിഭാഗം പ്രവര്‍ത്തിക്കുന്നത്. നഗരത്തിലുടനീളം നടക്കുന്ന ആക്രമസക്തമാകുന്ന കാര്‍ജാക്കിംഗ് ഉള്‍പ്പെടെ പ്രധാന കുറ്റകൃത്യങ്ങളില്‍ യൂണിറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. സംഘടിത കുറ്റകൃത്യങ്ങളും വിഭാഗം അന്വേഷിക്കും.
നഗരത്തില്‍ കഴിഞ്ഞയാഴ്ച നിരവധി സംഭവങ്ങളാണ് കാര്ജാക്കിംഗുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത്. ആയുധധാരികളായെത്തുന്ന മോഷ്ടാക്കള്‍ കാറുടമകളെ ഭീഷണിപ്പെടുത്തി മോഷണം നടത്തുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പുതിയ അന്വേഷണ വിഭാഗമെത്തുന്നത് ആശ്വാസം പകരുന്നതാണെന്ന് കാറുടമകള്‍ അഭിപ്രായപ്പെടുന്നു.