ആല്‍ബെര്‍ട്ടയില്‍ കോവിഡ് ആറാം തരംഗത്തിന്റെ പരാമവധി തീവ്രത കഴിഞ്ഞതായി വിലയിരുത്താമെന്നും എങ്കിലും ശക്തമായ പ്രതിരോധ നടപടികള്‍ തുടരണമെന്നും ആരോഗ്യമന്ത്രി ജേസണ്‍ കോപ്പിംഗ്. ആറാം തരംഗത്തിനു കാരണമായ ബിഎ.2 സബ്‌വേരിയന്റ് മൂലമുള്ള കേസുകളുടെ എണ്ണം കുറഞ്ഞതായും അതിനാല്‍ ആറാം തരംഗം അവസാനഘട്ടത്തിലാണെന്ന് അനുമാനിക്കാമെന്നും ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
മെയ് 17 നും മെയ് 23 നും ഇടയില്‍ പ്രവിശ്യയിലെ പോസിറ്റിവിറ്റി നിരക്ക് ഏകദേശം 17.5 ശതമാനമായിരുന്നു. മുമ്പത്തെ ആഴ്ച 20 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞയാഴ്ച 55 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡിന്റെ തീവ്രത കുറഞ്ഞുവെങ്കിലും ബൂസ്റ്ററുകള്‍ ഉള്‍പ്പെടെ പ്രതിരോധ കുത്തിവെപ്പുകള്‍ എല്ലാവരും എടുക്കണമെന്നും മന്ത്രി പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു.