ബീസിയില്‍ ശ്വാസകോശ അര്‍ബുദം ബാധിക്കാന്‍ സാധ്യതയുള്ളവര്‍ക്കായി ലംഗ് കാന്‍സര്‍ സ്‌ക്രീനിംഗ് പ്രോഗ്രാം ആരംഭിച്ചു. രാജ്യത്ത് ഇതാദ്യമായാണ് പ്രവിശ്യയിലുടനീളം ഇത്തരത്തില്‍ ഒരു പ്രോഗ്രാം അവതരിപ്പിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. കാനഡയിലുള്‍പ്പെടെ ലോകത്താകമാനം ശ്വാസകോശ അര്‍ബുദം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നും ലംഗ് കാന്‍സര്‍ ബാധിക്കുന്നതില്‍ നിന്നും ജനങ്ങളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന പദ്ധതി ആരംഭിച്ചിട്ടുള്ളതെന്നും ആരോഗ്യ വകുപ്പ് മന്ത്രി അഡ്രിയാന്‍ ഡിക്‌സ് പറഞ്ഞു.
പ്രവിശ്യയിലെ 36 കേന്ദ്രങ്ങളില്‍ സ്‌ക്രീനിംഗ് ലഭ്യമാക്കും. 55 നും 74 നും ഇടയില്‍ പ്രായമുള്ളവര്‍ക്കും, നിലവില്‍ പുകവലി ശീലമുള്ളമുള്ളവര്‍ക്കും, മുമ്പ് പുകവലി ശീലമുണ്ടായിരുന്നവര്‍ക്കും സ്‌ക്രീനിംഗ് നടത്താം. സിടി സ്‌കാനുകള്‍ ഉപയോഗിച്ച് നടത്തുന്ന സ്‌ക്രീനിംഗിനു ശേഷം മൂന്നാഴ്ചയ്ക്കുള്ളില്‍ ഫലം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രോഗ്രാമിന്റെ ആദ്യ വര്‍ഷത്തില്‍ 10,000 പേര്‍ സ്‌ക്രീനിംഗിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് പറഞ്ഞു. സ്‌ക്രീനിംഗിനായി എത്തുന്നവരുടെ എണ്ണം പ്രതിവര്‍ഷം 15 ശതമാനമായി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.