ക്യുബെക്കില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ വില വരുന്ന മയക്കുമരുന്നുകളും തോക്കുകളും പിടികൂടി  

By: 600002 On: May 26, 2022, 8:51 AM

ക്യുബെക്കിലുടനീളം നടത്തിയ റെയ്ഡുകളില്‍ മയക്കുമരുന്ന് കടത്ത് ശൃംഖലയില്‍ നിന്ന് നിരോധിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്തതായി മോണ്‍ട്രിയല്‍ പോലീസ്. മോണ്‍ട്രിയല്‍, ലാവല്‍, ലോറന്‍ഷ്യന്‍സ്, മോണ്ടെര്‍ജി, സെന്റര്‍-ഡു-ക്യുബെക്ക് തുടങ്ങിയയിടങ്ങളില്‍ ബുധനാഴ്ച 28 ഓളം റെയ്ഡുകളാണ് പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയത്. ഇവിടങ്ങളില്‍ നിന്നും 32.5 മില്യണ്‍ ഡോളര്‍ വിലവരുന്ന 6.5 മില്യണ്‍ ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടിച്ചെടുത്തതായി പോലീസ് സര്‍വീസ് ഓര്‍ഗനൈസ്ഡ് ക്രൈം യൂണിറ്റ് മേധാവി ഫ്രാന്‍സിസ് റെനൗഡ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പോലീസ് സേന മേധാവി സോഫി റോയിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 

ആഴ്ചയില്‍ ഏകദേശം അഞ്ച് മില്യണ്‍ ഡോളര്‍ വില വരുന്ന ഒരു മില്യണ്‍ ഗുളികകളാണ് ക്യുബെക്കിലുടനീളം മയക്കുമരുന്ന് സംഘം വിതരണം ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. പിടിച്ചെടുത്ത വസ്തുക്കളുടെ പരിശോധന പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൗമാരക്കാര്‍ക്കിടയിലാണ് ആംഫെറ്റാമൈന്‍ കൂടുതലായും വിതരണം ചെയ്യുന്നതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. വ്യത്യസ്ത ആകൃതികളിലും നിറങ്ങളിലും ലഭിക്കുന്ന ആംഫെറ്റമൈന്‍ പൗഡര്‍, ക്രിസ്റ്റല്‍ തുടങ്ങിയ രൂപത്തില്‍ കൗമാരക്കാരില്‍ പ്രചാരമുള്ളവയാണ്. ആംഫെറ്റമൈന്‍ ഏറെ അപകടമുണ്ടാക്കുന്നതാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. 

ആംഫെറ്റമൈന്‍ കൂടാതെ 21 തോക്കുകള്‍, 500 കിലോ മെത്താംഫെറ്റാമൈന്‍, ആറ് ടാബ്ലറ്റിംഗ് പ്രസ്സുകള്‍, 300,000 ഡോളറിലധികം പണം എന്നിവയും റെയ്ഡില്‍ പിടികൂടിയിട്ടുണ്ട്.