കാനഡയിൽ ഇക്കൊല്ലം വ്യത്യസ്തമായ വേനൽക്കാലം പ്രവചിച്ച് അക്യുവെതർ

By: 600007 On: May 26, 2022, 8:20 AM

  

കാനഡയിൽ ഇക്കൊല്ലം വ്യത്യസ്തമായ വേനൽക്കാലം പ്രവചിച്ച് അക്യുവെതർ. ക്യുബെക്കിലും ഒന്റാരിയോയോയിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വേനൽക്കാലത്ത് സാധാരണയുള്ളതിനേക്കാൾ ഉയർന്ന തോതിലുള്ള മഴ ഉണ്ടാവുമെന്ന് അക്യുവെതറിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇവിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കുള്ള സാധ്യത ശരാശരിയേക്കാൾ കൂടുതലാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.  ബ്രിട്ടീഷ് കൊളംബിയ, കാനഡയിലെ മാരിടൈം പ്രവിശ്യകൾ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളും ഈ വേനൽക്കാലം സാധാരണയേക്കാൾ ഈർപ്പമുള്ള അവസ്ഥ കാണാനുള്ള സാധ്യതയുണ്ടെന്ന്  ചൊവ്വാഴ്ച പുറത്തിറക്കിയ അക്യുവെതറിന്റെ വാർഷിക വേനൽക്കാല പ്രവചനത്തിൽ പറയുന്നു. 

കാലാവസ്ഥാ പ്രതിഭാസമായ ലാ നിന, കാനഡയിലെ കാലാവസ്ഥ വ്യതിയാനത്തെ സ്വാധീനിക്കുന്നതിൽ  പ്രധാന പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.  ലാ നിന ഏറ്റവും കൂടുതൽ ബാധിക്കുന്ന മേഖല വെസ്റ്റേൺ കാനഡയാണെന്ന് അക്യുവെതറിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജെറ്റ് സ്ട്രീം പടിഞ്ഞാറൻ കാനഡയുടെ ഭാഗങ്ങളിൽ കൂടുതൽ ഈർപ്പം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ പ്രദേശത്ത് കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. 2021-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട ചൂടുള്ള ചൂടിനെ അപേക്ഷിച്ച് ഈ വർഷം താപനില കുറയുമെന്ന് പ്രവചിക്കപ്പെടുന്നത്.  2021 ജൂണിൽ കാനഡയിൽ പല സ്ഥലങ്ങളിലും റെക്കോർഡ്-താപനിലയാണ് രേഖപ്പെടുത്തിയിരുന്നത് . ബി.സിയിലെ ലിറ്റണിൽ 2021 ജൂൺ 29 ന് എക്കാലത്തെയും ഉയർന്ന താപനിലയായ 49.6 ഡിഗ്രി ആയിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ ബ്രിട്ടീഷ് കൊളംബിയയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ വർഷം താപനില സാധാരണ നിലയിലായിരിക്കുമെന്നാണ്  അക്യുവെതർ പ്രവചിക്കുന്നത്. 

പടിഞ്ഞാറൻ കാനഡയിൽ നിന്ന് വ്യത്യസ്തമായി, പ്രെയറി പ്രവിശ്യകളിൽ മെയ് പകുതിയോടെ തുടങ്ങിയ വരണ്ട കാലാവസ്ഥ വേനൽക്കാലത്ത് തുടരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തെക്കൻ ആൽബെർട്ടയിലും തെക്കുപടിഞ്ഞാറൻ സസ്‌കാച്ചെവാനിലും ഉടനീളം കടുത്ത വരൾച്ച മൂലം വേനൽക്കാലത്ത് ചൂട് കൂടുതലായിരിക്കും.  ആൽബർട്ടയുടെയും സസ്‌കാച്ചെവന്റെയും തെക്കൻ ഭാഗങ്ങളിൽ സാധാരണയേക്കാൾ വരണ്ട കാലാവസ്ഥയ്ക്കുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായ വരൾച്ചയും ഉയർന്ന ചൂടും കാരണം പ്രേയറികളുടെ ചില ഭാഗങ്ങളിൽ കാട്ടുതീ ഉണ്ടാവുനുള്ള സാധ്യതയുണ്ട്. കാൽഗറി, റെജൈന തുടങ്ങിയ നഗരങ്ങളിൽ താപനില ഉയർന്ന് പതിവിലും ചൂടുള്ള വേനൽക്കാലത്തിന് കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.