രാജ്യത്തുടനീളം തൊഴിലാളി ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പുതിയ പദ്ധതികളാണ് പ്രവിശ്യകള്‍ അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, തൊഴില്‍മേഖലകളില്‍ വിദഗ്ധ വിദേശ തൊഴിലാളികളെ നിയമിക്കുക എന്നീ ലക്ഷ്യത്തോടെ ക്യുബെക്കില്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് ഓപ്ഷന്‍ പുറത്തിറക്കി. ക്യുബെക്കില്‍ സ്ഥിരതാമസത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഇന്റര്‍നാഷണല്‍ മൊബിലിറ്റി പ്രോഗ്രാം പ്ലസ് (IMP+) അവതരിപ്പിച്ചതായി ഇമിഗ്രേഷന്‍, റെഫ്യുജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മന്ത്രി ഷോൺ ഫ്രേസര്‍ പ്രഖ്യാപിച്ചു. ഇതിനായി ഇപ്പോള്‍മുതല്‍ അപേക്ഷിച്ചു തുടങ്ങാമെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ സ്ഥിരതാമസത്തിനും ജോലിക്കുമായി ക്യുബെക്ക് തെരഞ്ഞെടുക്കുന്ന വിദേശ വിദഗ്ധ തൊഴിലാളികള്‍ക്ക് പ്രവിശ്യയില്‍ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും മുമ്പ് അവരുടെ പിആര്‍ അപേക്ഷ അംഗീകരിക്കുന്നതുവരെ കാത്തിരിക്കേണ്ടി വരുന്നു. എന്നാല്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് പ്രകാരം, ക്യുബെക്കില്‍ സ്ഥിരതാമസത്തിനായി തെരഞ്ഞെടുത്ത മറ്റ് പ്രവിശ്യയിലോ പ്രദേശത്തോ താമസിക്കുന്ന വിദേശതൊഴിലാളിക്ക് IMP+ അപേക്ഷ നല്‍കിയതിനു ശേഷം ക്യുബെക്കിലേക്ക് മാറാനും ജോലി ലഭിക്കാനും സ്ഥിരതാമസത്തിനും വേഗത്തില്‍ അംഗീകാരം ലഭിക്കും. ഇത് വളരെ ലളിതവും സുതാര്യവുമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
പുതിയ വര്‍ക്ക് പെര്‍മിറ്റ് ഓപ്ഷനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ https://www.canada.ca/en/immigration-refugees-citizenship/news/2022/05/new-work-permit-for-quebec-skilled-workers-now-open-for-applications.html എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.