ലോകത്തെ ഏറ്റവും വലിയ ലേസര്‍ ഗൈഡഡ് ബോംബ് റഷ്യ ഉക്രയ്‌നില്‍ പ്രയോഗിച്ചതായി റിപ്പോര്‍ട്ട് 

By: 600002 On: May 26, 2022, 7:10 AM

ലോകത്തിലെ ഏറ്റവും വലിയ ലേസര്‍ ഗൈഡഡ് ബോംബ് റഷ്യന്‍ സേന ഉക്രെയ്‌നില്‍ പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്. സോവിയറ്റ് കാലത്തെ 2എസ്4ട്യുല്‍പന്‍ 240 മോര്‍ട്ടാര്‍ ബോംബാണ് ഉക്രെയ്ന്‍ ദക്ഷിണ തീര നഗരമായ മരിയുപോളിലെ അസോവ്‌സ്റ്റല്‍ ഉരുക്കു നിര്‍മാണ ശാലയ്ക്ക് നേരെ പ്രയോഗിച്ചത്. മരിയുപോളിലെ ഉക്രെയ്‌നിന്റെ അവസാന പ്രതിരോധ കേന്ദ്രങ്ങളിലൊന്നായിരുന്നു ഈ ഉരുക്കുനിര്‍മാണ ശാല. 

ലേസര്‍ ഗൈഡഡ് ബോംബ് ഉരുക്കുനിര്‍മാണശാലയ്ക്ക് നേരെ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 2015 ലും ഉക്രെയ്‌നെതിരെ 240 എംഎം മോര്‍ട്ടാര്‍ റഷ്യ പ്രയോഗിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, സിറിയ, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നേരെയും ഈ ആയുധം പ്രയോഗിച്ചിട്ടുണ്ട്. 

മിനിറ്റില്‍ ഒരെണ്ണം മാത്രം തൊടുക്കാന്‍ കഴിയുന്ന കുറഞ്ഞ ദൂരപരിധിയുള്ള ആയുധമാണിത്. കെട്ടിടങ്ങളും ബങ്കറുകളും വിമാനത്താവളങ്ങളുടെ റണ്‍വേകളുമെല്ലാം തകര്‍ത്ത് തരിപ്പണമാക്കാന്‍ കഴിയുന്ന ആയുധങ്ങളാണിവ. ഒന്‍പത് പേരുടെ സംഘമാണ് 2എസ്4 ബോംബുകള്‍ പ്രയോഗിക്കുന്നതിനായി വേണ്ടത്.