മങ്കിപോക്സ്: കാനഡയിൽ 15 കേസുകൾ സ്ഥിരീകരിച്ചതായി പബ്ലിക് ഹെൽത്ത് ഏജൻസി 

By: 600007 On: May 25, 2022, 8:49 PM

ക്യൂബെക്കിൽ പുതിയ 10 മങ്കിപോക്സ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ കാനഡയിലെ ആകെ മങ്കിപോക്സ് കേസുകളുടെ എണ്ണം 15 ആയതായി കാനഡ പബ്ലിക് ഹെൽത്ത് ഏജൻസി. ചൊവ്വാഴ്ച വൈകുന്നേരം ഫെഡറൽ ഹെൽത്ത് മിനിസ്റ്റർ ജീൻ-യെവ്സ് ഡുക്ലോസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. 

കാനഡയിലുടനീളമുള്ള സ്ഥലങ്ങളിൽ നിന്നുള്ള കൂടുതൽ ലബോറട്ടറി സാമ്പിളുകൾ വിന്നിപെഗിലെ പി‌എച്ച്‌എസിയുടെ ദേശീയ മൈക്രോബയോളജി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ സ്ഥിരീകരിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പബ്ലിക് ഹെൽത്ത് ഏജൻസിയുടെ ന്യൂസ് സ്റ്റേറ്റ്മെന്റിൽ പറയുന്നു.  ടൊറന്റോയിൽ രണ്ട് പുതിയ സംശയാസ്പദമായ കേസുകൾ കണ്ടെത്തിയതായി ടൊറന്റോ പബ്ലിക് ഹെൽത്ത് അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. 

ഗവേഷണത്തിനായി ഉപയോഗിക്കുന്ന കുരങ്ങുകളിൽ ആദ്യമായി കണ്ടെത്തിയ അപൂർവ രോഗമാണ് മങ്കിപോക്സ്. 1970-ലാണ് മനുഷ്യനിലെ ആദ്യത്തെ മങ്കിപോക്സ് കേസ് രേഖപ്പെടുത്തിയത്. രോഗബാധിതനായ മൃഗവുമായോ മനുഷ്യരുമായോ മലിനമായ വസ്തുക്കളുമായോ അടുത്ത സമ്പർക്കത്തിലൂടെ മങ്കിപോക്സ് വൈറസ് പടരുന്നത്.

മങ്കിപോക്സ് ബാധയെ നേരിടാൻ ക്യൂബെക്കിലേക്ക് ഇംവാമ്യൂൺ വാക്‌സിൻ അയച്ചിട്ടുണ്ടെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു. 2023 നും 2028 നും ഇടയിൽ 500,000 ഡോസ് ഇംവാമ്യൂൺ വാക്സിൻ വാങ്ങുവാൻ പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യുർമെന്റ് കാനഡ ഏപ്രിലിൽ ടെൻഡർ സമർപ്പിച്ചിരുന്നു.