മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ പോകുന്ന കാറിന്റെ വീഡിയോ പുറത്ത് വിട്ട് ഒന്റാരിയോ പോലീസ്

By: 600007 On: May 25, 2022, 8:24 PM

ഒന്റാരിയോ ഹൈവേ ഷോൾഡറിലൂടെ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സ്റ്റണ്ട് ഡ്രൈവിംഗ് ചെയ്യുന്ന വാഹനത്തിന്റെ വീഡിയോ പുറത്ത് വിട്ട് യോർക്ക് റീജണൽ പോലീസ്. മെയ് 12 ന് നടന്ന സംഭവത്തിന്റെ എയർ2 ഹെലികോപ്റ്ററിൽ നിന്നുള്ള വീഡിയോയാണ് പോലീസ് പുറത്തുവിട്ടത്. അമിത വേഗത മൂലമുള്ള അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാരെ ബോധവത്കരിക്കാനുള്ള പോലീസിന്റെ പദ്ധതിയായ പ്രൊജക്റ്റ് ഇറേസ് (Project ERASE)-ന്റെ ഭാഗമായാണ് വീഡിയോ പുറത്തു വിട്ടത്.

(Watch police released video)

ഹൈവേയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് പാർക്കിംഗ് സ്ഥലത്ത് ഡോനട്ട് ഷെയ്പ്പിൽ വണ്ടി ഓടിക്കുന്നതും ഹൈവേ ഷോൾഡറിലൂടെ മണിക്കൂറിൽ 200 കിലോമീറ്ററോളം വേഗത്തിൽ ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുന്ന നിരവധി കാറുകളെ മറികടന്ന് അതിവേഗം പോകുന്നത് വീഡിയോയിൽ കാണാം. നിരവധി ഇന്റർസെക്ഷനിലൂടെ അപകടകരമായി രീതിയിലാണ് ഡ്രൈവർ വണ്ടിയോടിക്കുന്നത്. സംഭവത്തിൽ 19 വയസ്സുള്ള ഡ്രൈവറെ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. 

ഒന്റാരിയോയോയിൽ വേഗതാപരിധി 80 കിലോമീറ്ററിൽ താഴെയുള്ള പ്രദേശങ്ങളിൽ പരിധിയ്ക്ക് മുകളിൽ 40 കിലോമീറ്റർ വേഗത്തിലും വേഗതാപരിധി 80 കിലോമീറ്ററിന് മുകളിലുള്ള പ്രദേശങ്ങളിൽ, പരിധിക്ക് മുകളിൽ 50 കിലോമീറ്ററിൽ വേഗത്തിലും വാഹനമോടിക്കുന്നവർക്ക് പിടിക്കപ്പെട്ടാൽ  സ്റ്റണ്ട് ഡ്രൈവിംഗ് ചാർജുകൾ നേരിടേണ്ടിവരും.