അബ്രഹാം ജോർജ്, ചിക്കാഗോ.
നല്ല നിലാവുള്ള രാത്രി, ഒറ്റക്കൊരു ആലുമരച്ചോട്ടിലിരിക്കുമ്പോളാണ് ആദ്യമായി ഞാനൊരു യക്ഷിയെ കാണുന്നത്. ആലുമരത്തെയുലക്കുന്ന കാറ്റുണ്ടായിരുന്നു, മുല്ലപ്പൂവിൻ്റെ നല്ല മണം. എന്തിന് ഞാനവിടെ പോയിയെന്ന് ചോദിച്ചാൽ ശരിക്കുമൊരുത്തരം പറയാനാവില്ല. കുറച്ച് ഏകാന്തതയ്ക്ക് വേണ്ടി മാത്രമെന്നേയിപ്പോൾ പറയാനാവൂ.
ആ സമയത്താണ് വെളുത്ത വസ്ത്രം ധരിച്ച് ചുമന്നു തുടുത്ത് നേർത്ത സുന്ദരിയായ യക്ഷി, എൻ്റെ അരികിലേക്ക് നടന്നു വന്നത്. അവൾ ആദ്യമൊന്ന് ചിരിച്ചു, പിന്നെ കണ്ണ് ഇറുക്കിക്കാണിച്ചു. ഞാൻ അവളിൽ മയങ്ങിപ്പോയി. അപ്പോളാണ് കവളിന് ഇരുവശവുമായി നീണ്ടു നിൽക്കുന്ന കൂർത്ത പല്ല് കണ്ടത്.
രക്തദാഹിയായ അവൾ അടുത്തത്തടുത്ത് വന്നു. എന്നിൽ ഭയം കലശലായിട്ടുണ്ടായി. ഉടൻ വിറയാർന്ന സ്വരത്തിൽ ഞാൻ പറഞ്ഞു "എനിക്ക് കോവിഡ്- 19 ആണ്" അങ്ങനെ പറയാനാണപ്പോൾ തോന്നിയത്. അത് ശരിക്കും ഫലിച്ചു. ഇത് കേട്ടതും യക്ഷി തെറിച്ചുവെച്ചോടി. എൻ്റെ ഭയമപ്പോൾ മാറി, ചിരിയാണ് വന്നത്.
കോവിഡ് - 19 ൻ്റ, ഗുണം അപ്പോളാണ് മനസ്സിലായത്. "കൊറേണേ! നിനക്ക് വന്ദനം." യക്ഷി ഭയന്നു പോയിയെന്ന് മനസ്സിലായി. എന്നാലും പഴയകാലത്തെപ്പോലത്തെ യക്ഷിയെ കാണാൻ കഴിഞ്ഞല്ലോയെന്ന സന്തോഷത്തിലായിരുന്നു ഞാൻ.
പിറ്റേന്നാണ് അറിയുന്നത്, അത് തെക്കേത്തടത്തിലെ മറിയയാണന്ന്. അവൾക്ക് രാത്രി കാലത്ത് ആലുമരച്ചോട്ടിൽ സഹവാസമുണ്ടന്ന്. അതിനു പറ്റിയ കുറച്ച് സിൽബന്ധികളുമുണ്ടവൾക്ക്. പുതിയതായി ആരെങ്കിലുമെത്തിയാൽ, ഭയപ്പെടുത്തി വിടുന്ന ചെപ്പടിവിദ്യകളുമുണ്ടെന്ന്.
ഇപ്പോൾ ആലുമരം അവിടെയില്ല. ഏതോ സാമൂഹ്യദ്രോഹികൾ അത് വെട്ടിനശിപ്പിച്ചു, അല്ലെങ്കിൽ യക്ഷിയെ ഒരിക്കൽക്കൂടി കാണാമായിരുന്നു. അതിനുള്ള ധൈര്യം ഞാൻ സമ്പാദിച്ചിട്ടുണ്ട്. ഇനി പറഞ്ഞിട്ടെന്നാ കാര്യം, ഒരിക്കലും ആ തരത്തിലുള്ള യക്ഷിയെ കാണാനാവില്ലായെന്ന വിഷമത്തിലാണിപ്പോൾ.