ചില്ലിവാക്കില്‍ സ്‌കൂള്‍ബസ് കാത്തുനിന്ന കുട്ടിയെ അപരിചിതന്‍ സമീപിച്ചു; മുന്നറിയിപ്പുമായി പോലീസ് 

By: 600002 On: May 25, 2022, 10:05 AM

 

ബീസിയിലെ ചില്ലിവാക്കില്‍ സ്‌കൂള്‍ ബസ് കാത്തുനിന്ന പത്ത് വയസ്സുകാരനെ അജ്ഞാതന്‍ സമീപിച്ചെന്ന സംഭവത്തില്‍ ആര്‍സിഎംപി അന്വേഷണം ആരംഭിച്ചു. കുട്ടികളെ വശീകരിച്ച് പ്രലോഭനങ്ങളില്‍ വീഴ്ത്തുകയും സംഭവം മറ്റുള്ളവരോട് പറയാതെ രഹസ്യമായി സൂക്ഷിക്കാനും കുട്ടികളോട് ഇയാൾ ആവശ്യപ്പെടുന്നതായി പോലീസ് അറിയിക്കുന്നു. കുട്ടികളും രക്ഷിതാക്കളും ജാഗ്രതയോടെയിരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. 

കഴിഞ്ഞ ബുധനാഴ്ച രാവിലെ 7.45 ന് പ്രൊമോണ്ടി ഏരിയയില്‍ ബസ് കാത്തുനിന്ന കുട്ടിയുടെ സമീപത്തേക്ക് അജ്ഞാതന്‍ എത്തുകയും സംസാരിച്ചതിനു ശേഷം സംഭവം രഹസ്യമാക്കി വെക്കാന്‍ കുട്ടിയോട് ആവശ്യപ്പെടുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. അജ്ഞാതനെ കണ്ട് പേടിച്ചുപോയ കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചു. രക്ഷിതാക്കള്‍ പോലീസിലും വിവരമറിയിച്ചു. ഇതേ തുടര്‍ന്ന് പോലീസ് അജ്ഞാതനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അടുത്തുള്ള സ്‌കൂളുകള്‍ക്കും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

20 നും 30 നും ഇടയില്‍ പ്രായമുള്ളയാളാണ് കുട്ടിയുടെ സമീപം എത്തിയതെന്നാണ് സൂചന. കുട്ടി നല്‍കുന്ന സൂചനകള്‍ അനുസരിച്ച് അജ്ഞാതന്‍ ജീന്‍സാണ് ധരിച്ചിരിക്കുന്നത്. മുട്ടോളം നീളമുള്ള റബ്ബര്‍ ബൂട്ടുകളും മാസ്‌കും ധരിച്ചിരുന്നു. പ്രദേശത്ത് സിസിടിവികളോ ഡാഷ്‌ക്യാമോ ഉള്ളവര്‍ മെയ് 18 ന് 7 മണിക്കും 9 മണിക്കുമിടയിലുള്ള ദൃശ്യങ്ങള്‍ ഹാജരാക്കുകയോ 604-792-4611 എന്ന നമ്പറില്‍ വിവരമറിയിക്കുകയോ ചെയ്യണമെന്ന് പോലീസ് അറിയിച്ചു.