ഫ്രഞ്ച് ഭാഷാ സംരക്ഷണം: ബില്‍ 96 ക്യുബെക്ക് ദേശീയ അസംബ്ലിയില്‍ പാസാക്കി 

By: 600002 On: May 25, 2022, 7:35 AM

ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയില്‍ ക്യുബെക്കിലെ ഫ്രഞ്ച് ഭാഷാ സംരക്ഷണം ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ നിയമനിര്‍മാണ ബില്‍( ബില്‍ 96) ദേശീയ അസംബ്ലിയില്‍ പാസാക്കി. 29 നെതിരെ 78 വോട്ടുകള്‍ക്കാണ് ബില്‍ 96 ന് അംഗീകാരം ലഭിച്ചത്. ചൊവ്വാഴ്ച കൂടിയ ദേശീയ അസംബ്ലിയില്‍ എംഎന്‍എ അംഗങ്ങള്‍ നിയമം പാസാക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. ലിബറല്‍ പാര്‍ട്ടിയിലെയും പാര്‍ട്ടി ക്യുബെക്കോസിലെയും പ്രതിപക്ഷ അംഗങ്ങള്‍ ബില്ലിനെതിരെ വോട്ട് ചെയ്തു. 

ബില്‍ 96 സംബന്ധിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് ബില്‍ പാസാക്കിയതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വാന്‍കുവറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത് സംബന്ധിച്ച് ഫെഡറല്‍ സര്‍ക്കാര്‍ ഇടപെടുമോ എന്നതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. ഇതിന്റെ അന്തിമരൂപം എന്തായിരിക്കുമെന്ന് ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. രാജ്യത്തുടനീളമുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അടിസ്ഥാനമാക്കി സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബില്‍ 96 ലെ വ്യവസ്ഥകളിലും ഫ്രഞ്ച് ഭാഷാ നിയമമായ ബില്‍ 101-ലെ ഭേദഗതികള്‍ക്കുമെതിരെ പ്രവിശ്യയില്‍ പ്രതിഷേധം തുടരുകയാണ്. ബില്ലിനെതിരെ   പ്രതിഷേധിച്ച് ആയിരക്കണക്കിന് പേര്‍ മോണ്‍ട്രിയലില്‍ പ്രകടനം നടത്തിയിരുന്നു. പ്രതിഷേധക്കാര്‍ പ്രീമിയര്‍ ഫ്രാങ്കോയിസ് ലെഗോള്‍ട്ടിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

ഇംഗ്ലീഷിലുള്ള വിദ്യാഭ്യാസം, ആരോഗ്യം, നീതി, തുടങ്ങിയ സര്‍ക്കാര്‍ സേവനങ്ങള്‍ ഇംഗ്ലീഷില്‍ ലഭ്യമാവുന്നത് ബില്‍ 96 കുറയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പുതിയ ബില്‍ വഴി ജോലിസ്ഥലങ്ങളിലും മുനിസിപ്പാലിറ്റികളിലും കര്‍ശനമായ ഫ്രഞ്ച് ഭാഷാ ഉപയോഗിക്കുന്നതിന്റെ ആവശ്യകതകള്‍ കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രവിശ്യയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നിയമങ്ങള്‍ അല്‍പ്പം ലഘൂകരിച്ചുകൊണ്ട് കഴിഞ്ഞയാഴ്ച ബില്‍ 96-ന്റെ ഭേദഗതി ക്യൂബെക്ക് നിയമസഭ പാസാക്കിയിരുന്നു.