കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ഇന്ധന പ്രതിസന്ധിയും ശ്രീലങ്കയ്ക്ക് തിരിച്ചടിയാവുകയാണ്. ഇതിന്റെ ഭാഗമായി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യയില്‍ നിന്നും വായ്പയെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എക്സിം ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 500 മില്യണ്‍ ഡോളര്‍ വായ്പ തേടാനാണ് ശ്രീലങ്കയുടെ പദ്ധതി. ഇതിന് ശ്രീലങ്കന്‍ കാബിനറ്റ് അംഗീകാരം നല്‍കിയിട്ടുണ്ട്.
ഇന്ധനം വാങ്ങാന്‍ ഇന്ത്യന്‍ എക്സിം ബാങ്ക് വായ്പയെടുക്കാനുള്ള നിര്‍ദ്ദേശം തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അംഗീകരിച്ചതായി ഊര്‍ജമന്ത്രി കാഞ്ചന വിജേശേഖരയാണ് ഔദ്യോഗികമായി അറിയിച്ചത്.
അതേസമയം, രൂക്ഷമായ ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യന്‍ ക്രെഡിറ്റ് ലൈനിന് കീഴില്‍ 40,000 മെട്രിക് ടണ്‍ ഡീസല്‍ വിതരണം ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷം ശ്രീലങ്കയിലേക്ക് ഏകദേശം 40,000 മെട്രിക് ടണ്‍ പെട്രോള്‍ വിതരണം ചെയ്തതായി ഇന്ത്യ അറിയിച്ചു.