ടെക്‌സാസിലെ സ്‌കൂളിൽ വെടിവയ്പ്പ്; 14 വിദ്യാർഥികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു

By: 600007 On: May 25, 2022, 12:07 AM

ടെക്‌സാസിൽ യുവാൽഡയിലെ  ഒരു എലിമെന്ററി സ്‌കൂളിലുണ്ടായ വെടിവയ്‌പ്പിൽ 14 കുട്ടികളും ഒരു അധ്യാപികയും ഉൾപ്പെടെ 15 പേർ  കൊല്ലപ്പെട്ടു. യുവാൽഡയിലെ  റോബ് എലിമെന്ററി സ്കൂളിലാണ് ദാരുണമായ ഈ സംഭവം നടന്നത്. 18 കാരനായ തോക്കുധാരി സ്കൂളിലെത്തി കുട്ടികൾക്കും അദ്ധ്യാപികക്കും നേരെ വെടിയുതിർക്കുകയായിരുന്നു എന്ന്  ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തിരിച്ചുള്ള ആക്രമണത്തിൽ പ്രതി കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ.

വെടിവെപ്പിനുള്ള കാരണം വ്യക്തമല്ല. സാൻ അന്റോണിയോ സ്വദേശി  സാൽവഡോർ റാമോസാണ് വെടിവയ്പ്പ് നടത്തിയതെന്ന്  ഗവർണർ പറഞ്ഞു, വെടിവയ്‌പ്പിൽ പരുക്കേറ്റവരെ സമീപത്തെ  രണ്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതേസമയം വെടിവയ്‌പ്പുണ്ടായതിനെത്തുടർന്ന് പ്രദേശത്തെ എല്ലാ സ്കൂളുകളും കാമ്പസുകളും അടച്ചിട്ടു. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഒരു ഗ്രേഡ് സ്കൂളിൽ ഉണ്ടായ അതി ദാരുണമായ ഒരു വെടിവെപ്പാണ് റോബ് എലിമെന്ററി സ്കൂളിൽ നടന്നത്.