9 യൂറോയ്ക്ക് അണ്‍ലിമിറ്റഡ് യാത്ര; പ്രതിമാസ യാത്രാ പദ്ധതിയുമായി ജര്‍മനി  

By: 600002 On: May 24, 2022, 12:20 PM


വെറും 9.50 യുഎസ് ഡോളറിന് പൊതുഗതാഗത സംവിധാനത്തില്‍ ഒരു മാസം മുഴുവന്‍ അണ്‍ലിമിറ്റഡ് യാത്ര... നിലവിലെ ഇന്ധനവില വര്‍ധനവും,  കൂടിയ കാര്‍ വാടക നിരക്കുകളും ജനങ്ങളെ പ്രതിസന്ധിയിലാക്കുമ്പോള്‍ ജര്‍മ്മന്‍ സര്‍ക്കാരാണ് പ്രതിമാസ അണ്‍ലിമിറ്റഡ് യാത്ര എന്ന പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വേനല്‍ക്കാല യാത്രകള്‍ക്ക് തയാറെടുക്കുന്നവര്‍ക്ക് ആശ്വാസമായാണ് ഈ പദ്ധതി എത്തുന്നത്. 9 യൂറോ(9.50 യുഎസ് ഡോളര്‍) പ്രതിമാസ ടിക്കറ്റിന് ജര്‍മന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. 

ജൂണ്‍ മാസത്തിലാണ് ടിക്കറ്റ് ഉപയോഗിച്ചുള്ള യാത്രകള്‍ക്ക് തുടക്കമാവുക. ജൂണില്‍ ആരംഭിച്ച്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ രാജ്യത്തുടനീളം യാത്ര ചെയ്യാനാണ് ടിക്കറ്റിന് സാധുതയുള്ളത്. ബസുകള്‍, ഭൂഗര്‍ഭ ട്രെയിനുകള്‍, പ്രാദേശിക ട്രെയിനുകള്‍ എന്നിവ ഉള്‍പ്പെടെ ജര്‍മ്മനിയിലെ എല്ലാ പൊതുഗതാഗത്തിനും ഇത് ഉപയോഗിക്കാം. അതിവേഗ ഐസിഇ ട്രെയിനുകള്‍, ഫ്‌ളിക്‌സ് ബസ് സര്‍വീസുകള്‍ തുടങ്ങിയ ദീര്‍ഘദൂര ഗതാഗത സംവിധാനത്തില്‍ ടിക്കറ്റ് ഉപയോഗിക്കാന്‍ സാധിക്കില്ല. ജര്‍മ്മന്‍ പൗരന്മാര്‍ക്കായി ആവിഷ്‌കരിച്ചതാണെങ്കിലും വിനോദസഞ്ചാരികള്‍ക്കും ടിക്കറ്റ് പ്രയോജനപ്പെടുത്താം. 

യാത്രകള്‍ പ്രകൃതി സൗഹാര്‍ദ്ദമാക്കാനും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവില്‍ നിന്ന് ജനങ്ങളെ മൂന്ന് മാസത്തേക്കെങ്കിലും മോചിപ്പിക്കാനും ഉദ്ദേശിച്ചാണ് അണ്‍ലിമിറ്റഡ് ടിക്കറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിക്കായി 2.5 ബില്യണ്‍ യൂറോ(2.6 ബില്യണ്‍ യുഎസ് ഡോളര്‍) ജര്‍മ്മന്‍ സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കായി വിനിയോഗിക്കുന്നുണ്ട്. ഒരു കലണ്ടര്‍ മാസത്തില്‍ 9 യൂറോയാണ് ചെലവ്. വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ ഓഫറില്‍ നിന്ന് പ്രയോജനം നേടണം. നിലവിലുള്ള സബ്‌സ്‌ക്രിപ്ഷനുകള്‍ക്ക് സ്വയമേവ കുറയ്ക്കപ്പെടും. അതിനാല്‍ പ്രതിമാസം ഒമ്പത് യൂറോ മാത്രമേ ഈടാക്കൂ. 

ജര്‍മ്മന്‍ റെയില്‍ ഓപ്പറേറ്റര്‍ ഡോയ്റ്റ്‌ഷെ ബാനും മറ്റ് നിരവധി ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനുകളും തിങ്കളാഴ്ച മുതല്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.