കാനഡയിലെ ബ്ലഡ് ബാങ്കുകളിൽ ക്ഷാമം: അര്‍ഹരായ ആളുകളോട് രക്തം ദാനം ചെയ്യാന്‍ ആവശ്യപ്പെട്ട് സിബിഎസ്

By: 600002 On: May 24, 2022, 11:00 AM

 

ദേശീയ തലത്തില്‍ രക്തം ദാനം ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് കാനഡയിലെ ബ്ലഡ് ബാങ്കുകളിൽ ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്.  ഈ സാഹചര്യത്തില്‍ രക്തം ദാനം ചെയ്യാന്‍ അര്‍ഹരായ ദാതാക്കളോട് കനേഡിയന്‍ ബ്ലഡ് സര്‍വീസസ് അഭ്യര്‍ത്ഥിച്ചു. സംഘടനയുടെ കണക്കനുസരിച്ച്, ഏപ്രില്‍ ആദ്യം മുതല്‍ കരുതല്‍ രക്തം 25 ശതമാനമാണ് കുറഞ്ഞത്. 

രാജ്യത്തുടനീളമുള്ള രക്ത ദാന സെന്ററുകളില്‍(donor centres)  ദാനം ചെയ്യാനെത്തുന്ന ദാതാക്കളുടെ കുറവും ക്യാന്‍സലേഷനും രക്തം, പ്ലേറ്റ്‌ലറ്റുകള്‍, പ്ലാസ്മ എന്നിവ ശേഖരിക്കാന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി സംഘടനാ പ്രതിനിധികള്‍ പറയുന്നു. പത്ത് ശതമാനത്തോളം ക്യാന്‍സലേഷനുകളാണ് രക്ത ദാന സെന്ററുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാലത്ത് രോഗബാധിതരാവുന്നതും ആളുകള്‍ കൂടുതലായി യാത്ര ചെയ്യുന്നതും രക്തം ദാനം ചെയ്യാന്‍ മുന്നോട്ട് വരുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയെന്നാണ് സിബിഎസ് കരുതുന്നത്. കാനഡയില്‍ രണ്ട് പേരില്‍ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാന്‍ അര്‍ഹതയുണ്ട്, എന്നാല്‍ 82 പേരില്‍ ഒരാള്‍ മാത്രമാണ് രക്തം ദാനം ചെയ്യുന്നുള്ളൂവെന്ന് സിബിഎസ് ചൂണ്ടിക്കാണിക്കുന്നു.  

രക്തദാനം ചെയ്യാന്‍ അര്‍ഹരാണോയെന്ന് അറിയുവാന്‍ സിബിഎസിന്റെ https://myaccount.blood.ca/en/eligibility-quiz?gclid=EAIaIQobChMIqO_0g5309wIVgwnnCh3SBwJvEAAYASABEgI4TvD_BwE&gclsrc=aw.ds വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അര്‍ഹരാകുന്ന ദാതാക്കള്‍ക്ക് വെബ്‌സൈറ്റില്‍ ബുക്ക് ചെയ്യാം. അല്ലെങ്കില്‍ 1-888-2366283 എന്ന നമ്പറില്‍ ബന്ധപ്പെടുക.