കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം: മാര്‍ക്ക് സക്കര്‍ബര്‍ഗിനെതിരെ കേസെടുത്തു 

By: 600002 On: May 24, 2022, 10:12 AM

 

കേംബ്രിഡ്ജ് അനലിറ്റിക്ക ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവാദപരമായ കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനെതിരെ ഡിസി സുപ്പീരിയര്‍ കോടതി(ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ) കേസ് ഫയല്‍ ചെയ്തു. ഫേസ്ബുക്ക് വഴി ഉപയോക്താക്കളുടെ സ്വകാര്യതാ ലംഘനം നടന്നതില്‍ സക്കര്‍ബര്‍ഗ് വ്യക്തിപരമായി ബാധ്യസ്ഥനാണെന്ന് ചൂണ്ടിക്കാണിച്ചാണ് കേസെടുത്തിരിക്കുന്നത്. ഡിസി അറ്റോര്‍ണി ജനറല്‍ കാള്‍ റസീനാണ് സക്കര്‍ബര്‍ഗിനെതിരെ കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 

സക്കര്‍ബര്‍ഗ് സുപ്രധാന കമ്പനി തീരുമാനങ്ങളില്‍ നേരിട്ട് പങ്കെടുത്തിരുന്നുവെന്നും റിസര്‍ച്ച് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക ഉപയോക്താക്കളുടെ ഡാറ്റ പങ്കിടുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് ബോധവാനായിരുന്നുവെന്നും കേസില്‍ ആരോപിക്കുന്നു. 

കേംബ്രിഡ്ജ് അനലിറ്റിക്ക 87 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയെന്ന രാഷ്ട്രീയ കോര്‍പ്പറേറ്റ് വിവാദമാണ് സക്കര്‍ബര്‍ഗിനെ കുടുക്കിയത്.  ഈ വിവരങ്ങള്‍ 2016 ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാനായി ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം. അതേസമയം, ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഫേസ്ബുക്കിന് വീഴ്ച പറ്റിയതില്‍ സക്കര്‍ബര്‍ഗ് ക്ഷമ ചോദിച്ചിരുന്നു. യുഎസ് സെനറ്റിന്റെ പ്രത്യേക സമിതിക്ക് മുന്‍പില്‍ ഹാജരായാണ് സക്കര്‍ബര്‍ഗ് ക്ഷമാപണം നടത്തിയത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സക്കര്‍ബര്‍ഗും വെളിപ്പെടുത്തി. തെരഞ്ഞെടുപ്പുകളുടെ പ്രാധാന്യം മനസ്സിലാക്കുന്നുവെന്നും ഫേസ്ബുക്കിന് ഇനി തെറ്റ് സംഭവിക്കില്ലെന്നും സെനറ്റ് സമിതി അംഗങ്ങള്‍ക്ക് മുമ്പില്‍ സക്കര്‍ബര്‍ഗ് പറഞ്ഞു. 

കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തോടെ 2018 ല്‍ ഫെയ്‌സ്ബുക്കിന്റെ ഓഹരി വില ഒറ്റയടിക്ക് 14 ശതമാനമാണ് ഇടിഞ്ഞത്. ഇതേതുടര്‍ന്ന് സക്കര്‍ബര്‍ഗിന്റെ ആസ്തിമൂല്യവും ഇടിഞ്ഞു. തട്ടിപ്പ് പുറത്തുവന്നതോടെ ബ്ലൂംബെര്‍ഗ് സമ്പന്നപ്പട്ടികയില്‍ നിന്നും അദ്ദേഹം പിന്തള്ളപ്പെട്ടിരുന്നു.