വിസ്മയ കേസ്: ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം കഠിന തടവ്; പന്ത്രണ്ടര ലക്ഷം രൂപ പിഴ 

By: 600002 On: May 24, 2022, 8:06 AM

 

കൊല്ലത്ത് ഭര്‍തൃപീഡനത്തെ തുടര്‍ന്ന് വിസ്മയ എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്. കൊല്ലം അഡീഷ്ണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി സുജിത് പി.എന്‍ ആണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിനും വെവ്വേറെ ശിക്ഷ വീതം 25 വര്‍ഷമാണ് കോടതി തടവിന് വിധിച്ചത്. എന്നാല്‍ ഒരുമിച്ച് 10 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി.

വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷ്ണല്‍ സെഷന്‍സ് കോടതി കണ്ടത്തിയിരുന്നു. പ്രോസിക്യൂഷന്‍ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതി ശരി വയ്ക്കുകയായിരുന്നു. 304-b  സ്ത്രീധ പീഡനത്തെ ചൊല്ലിയുള്ള മരണം, 306 ാം വകുപ്പ് ആത്മഹത്യാപ്രേരണ, 498 A സ്ത്രീധന പീഡനം, എന്നീ വകുപ്പുകളാണ് ശരിവച്ചത്. തുടര്‍ന്ന് ജാമ്യത്തിലായിരുന്ന കിരണ്‍ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കുകയായിരുന്നു.