ഉക്രെയ്‌നിലെ യുദ്ധമുഖത്ത് നിന്നും രക്ഷപ്പെട്ട് കാനഡയിലേക്ക് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളെയും വഹിച്ചുള്ള ആദ്യ ചാര്‍ട്ടര്‍ വിമാനം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മാനിറ്റോബയില്‍ എത്തി. മൂന്ന് ചാര്‍ട്ടര്‍ വിമാനങ്ങളാണ് ഉക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ക്കായി കാനഡ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ആദ്യ വിമാനമാണ് വിന്നിപെഗ് റിച്ചാര്‍ഡ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. ഇവരെ മാനിറ്റോബയിലെ ഉക്രേനിയന്‍ അഭയാര്‍ത്ഥി റിസപ്ഷന്‍ സെന്ററിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കാനഡയിലേക്ക് അടിയന്തര യാത്രയ്ക്ക് 900 ഉക്രെയ്ന്‍ അഭയാര്‍ത്ഥികളാണ് അര്‍ഹരായിട്ടുള്ളത്. ഇവരെ മൂന്ന് ചാര്‍ട്ടര്‍ വിമാനങ്ങളിലായി കാനഡയിലെത്തിക്കുമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ സീന്‍ ഫ്രേസര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനകം ആയിരക്കണക്കിന് ഉക്രേനിയക്കാര്‍ക്ക് കാനഡ അഭയം നല്‍കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ബാക്കിയുള്ള ഉക്രേനിയക്കാരെയും വഹിച്ചുള്ള രണ്ടാമത്തെ വിമാനം മെയ് 29 ന് പോളണ്ടില്‍ നിന്നും മോണ്‍ട്രിയലിലേക്കും മൂന്നാമത്തേത് ജൂണ്‍ 2ന് ഹാലിഫാക്‌സിലേക്കും പുറപ്പെടും.