മങ്കിപോക്‌സിനെതിരെ മാസ് വാക്‌സിനേഷന്‍ നടത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് ലോകാരോഗ്യ സംഘടന. ആഫ്രിക്കയ്ക്ക് പുറത്ത് കാനഡ, യുകെ, സ്‌പെയിന്‍, ബെല്‍ജിയം, ഇറ്റലി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ ഈമാസം രോഗവ്യാപനം സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം രാജ്യങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു.
മങ്കിപോക്‌സിനെതിരെയുള്ള വാക്‌സിനുകളുടെയും ആന്റി വൈറലുകളുടെയും അടിയന്തര വിതരണം പരിമിതമാണെന്ന് ലോകാരോഗ്യ സംഘടനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റിച്ചാര്‍ഡ് പെബോഡി മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മങ്കിപോക്‌സ് കേസുകളില്‍ ഉപയോഗിക്കുന്നതിനായി ചില ജിന്നിയോസ് വാക്‌സിന്‍ ഡോസുകള്‍ പുറത്തിറക്കാനുള്ള നടപടികളിലാണെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ അറിയിച്ച സാഹചര്യത്തിലാണ് പെബോഡിയുടെ പ്രതികരണം.
മങ്കിപോക്‌സിനെതിരെയുള്ള പ്രതിരോധം എന്ന നിലയില്‍ രോഗ വ്യാപനം നിയന്ത്രിക്കാന്‍ ശുചിത്വം, സുരക്ഷിതമായ ലൈംഗിക ബന്ധം തുടങ്ങിയവ പാലിക്കാന്‍ പെബോഡി നിര്‍ദേശിക്കുന്നു. മങ്കിപോക്‌സ് വ്യാപിക്കാതിരിക്കാന്‍ കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ്, ഐസൊലേഷന്‍ എന്നീ പ്രാഥമിക നടപടികള്‍ സ്വീകരിക്കാവുന്നതാണ്. ഇത് വളരെ എളുപ്പത്തില്‍ പടരുന്ന വൈറസല്ലെന്നും ഇതുവരെ രോഗം ഗുരുതരമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പെബോഡി പറയുന്നു. വാക്‌സിനുകള്‍ ലഭ്യമാണ്, എന്നാല്‍ ചില വാക്‌സിനുകള്‍ സാരമായ പാര്‍ശ്വഫലങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
അതേസമയം, മങ്കിപോക്‌സിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് എത്രത്തോളം ഫലപ്രദമാകുമെന്നത് സംബന്ധിച്ച് വിലയിരുത്തലുകള്‍ നടത്തുകയാണെന്ന് ജര്‍മനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബ്രിട്ടണില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മങ്കിപോക്‌സ് വാക്‌സിനേഷന്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ കേസുകളുടെ ഉത്ഭവം എവിടെ നിന്നാണെന്നും വൈറസിനെക്കുറിച്ച് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്നു മനസ്സിലാക്കാന്‍ ഗവേഷകര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘട കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ വിശദീകരിച്ചിരുന്നു.