ഏറ്റവും സ്വാധീനമുള്ള വ്യക്തികള്‍: ടൈമിന്റെ 100 പേരുടെ പട്ടികയില്‍ സുപ്രീംകോടതി അഭിഭാഷക കരുണ നുണ്ടിയും ഗൗതം അദാനിയും 

By: 600002 On: May 24, 2022, 6:36 AM

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറ് പേരുടെ പട്ടിക ടൈം മാഗസിന്‍ പുറത്തുവിട്ടു. സുപ്രീം കോടതി അഭിഭാഷക കരുണ നുണ്ടി, വ്യവസായ പ്രമുഖന്‍ ഗൗതം അദാനി, പ്രമുഖ കശ്മീരി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറം പര്‍വേസ് എന്നിവര്‍ പട്ടികയില്‍ ഇടംപിടിച്ചു. യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി, മിഷേല്‍ ഒബാമ, ആപ്പിള്‍ സിഇഒ ടിം കുക്ക് എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു. 

കോടതിമുറിക്ക് അകത്തും പുറത്തും ധീരതയോടെ ശബ്ദം ഉയര്‍ത്തുന്ന പൊതുപ്രവര്‍ത്തകയാണ് കരുണ നുണ്ടി. ബലാത്സംഗ നിയമങ്ങളുടെ പരിഷ്‌കരണത്തിനായി വാദിക്കുകയും ജോലിസ്ഥലത്തെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകളില്‍ പോരാടുകയും ചെയുന്ന ചാമ്പ്യനാണ് നുണ്ടിയെന്ന് മാഗസിന്‍ അഭിപ്രായപ്പെടുന്നു. ടൈറ്റന്‍സ് വിഭാഗത്തിലാണ് ഗൗതം അദാനി ഇടം പിടിച്ചത്. 

കശ്മീര്‍ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അനീതികള്‍ക്കുമെതിരായ ഖുറം പര്‍വേസിന്റെ തീവ്ര പോരാട്ടത്തിന്റെ ശബ്ദം ലോകമെമ്പാടും മുഴങ്ങി. എന്നാല്‍ പര്‍വേസിന്റെ ശബ്ദം അടിച്ചമര്‍ത്തിയെന്നും ടൈം മാഗസിന്‍ ലേഖനത്തില്‍ പറയുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, കെവിന്‍ മക്കാര്‍ത്തി, റോണ്‍ ഡിസാന്റിസ്, കിര്‍സ്റ്റണ്‍ സിനിമ, കേതന്‍ജി ബ്രൗണ്‍ ജാക്സണ്‍ എന്നിവരാണ് പട്ടികയിലെ അമേരിക്കന്‍ രാഷ്ട്രീയ നേതാക്കള്‍.