ടൊറന്റോ ബീച്ചിൽ അക്രമണം; രണ്ട് പേർക്ക് വെടിയേറ്റു, ഏഴ് പോലീസുകാർക്ക് പരിക്കേറ്റു

By: 600007 On: May 23, 2022, 9:21 PM

ടൊറന്റോയിലെ വുഡ്‌ബൈൻ ബീച്ചിൽ ഞായറാഴ്ച് രാത്രി ഉണ്ടായ അക്രമങ്ങളിൽ രണ്ട് പേർക്ക് വെടിയേൽക്കുകയും ഏഴ് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.  ഞായറാഴ്ച രാത്രി 9.30 യോടെയാണ് പ്രതികൾ അക്രമം അഴിച്ചുവിട്ടതെന്നാണ് റിപ്പോർട്ടുകൾ. അക്രമങ്ങൾ നടത്തിയ 17 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ പരസ്പരം റോമൻ ക്യാൻഡിലുകൾ കത്തിച്ചെറിയുന്നതും പരിഭ്രാന്തരായി ജനങ്ങൾ ഓടുന്നതുമായാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോകളിൽ കാണുന്നത്.  

വെടിവെപ്പ് നടത്തിയ പ്രതികളെ പിന്തുടരുന്നതിനിടയിലും പടക്കങ്ങൾ പൊട്ടിച്ചെറിഞ്ഞതുമൂലമുള്ള അപകടത്തിലുമാണ് പോലീസ് ഉദ്യഗസ്ഥർക്ക് പരിക്കേറ്റതെന്ന് ടൊറന്റോ പോലീസ്ഇൻസ്‌പെക്ടർ ജെഫ് ബാസിംഗ്‌വെയ്‌റ്റ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ ടൊറന്റോ മേയർ അപലപിച്ചു.  

തിങ്കളാഴ്ച, മുനിസിപ്പൽ ബൈലോ എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർ പ്രദേശത്ത് പട്രോളിംഗ് നടത്തുമെന്ന് പോലീസ് പറഞ്ഞു.  ലോങ്ങ് വീക്കെൻഡ് ആഘോഷിക്കുന്ന ആളുകൾക്ക് സമാധാനപരവും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കുന്നതിന് മുൻകരുതലുകൾ എടുത്തിട്ടുള്ളതായി ടൊറന്റോ പോലീസ് അറിയിച്ചു.