ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നതിന്റെ അടയാളമാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ പതിനേഴുകാരന്‍. റയാന്‍ എന്ന കൗമാരക്കാരനാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങി ഒടുവില്‍ ജീവന്‍ വെടിഞ്ഞത്. സ്ത്രീയാണെന്ന വ്യാജേന ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട തട്ടിപ്പുകാരനാണ് റയാനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് അമ്മ പറയുന്നു.
പെണ്‍കുട്ടിയാണെന്ന് നടിച്ച് അടുപ്പം കാണിച്ച തട്ടിപ്പുകാരന്‍ റയാന് നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുത്തു. പിന്നീട് റയാന്റെ ചില നഗ്ന ചിത്രങ്ങള്‍ അയക്കാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം ചിത്രം അയച്ചുനല്‍കിയ റയാനോട് കുറ്റവാളി 5,000 യുഎസ് ഡോളര്‍ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പണം നല്‍കിയെങ്കിലും തുടര്‍ന്നും തട്ടിപ്പുകാരന്‍ ഭീഷണിപ്പെടുത്തി കൂടുതല്‍ പണം ആവശ്യപ്പെടാന്‍ തുടങ്ങി. സമ്മര്‍ദ്ദത്തിലായ റയാന്‍ ഒടുവില്‍ മനംനൊന്ത് ആത്മഹത്യയില്‍ അഭയം തേടി.
റയാന്റെ കഥ എല്ലാവര്‍ക്കും ഒരു മുന്നറിയിപ്പാണെന്ന് എഫ്ബിഐ ചൂണ്ടിക്കാണിക്കുന്നു. ഓണ്‍ലൈനിലൂടെ പരിചയപ്പെടുന്ന അജ്ഞാതരുമായി ഒരു കാരണവശാലും ചിത്രങ്ങളോ മറ്റ് വിവരങ്ങളോ പങ്കുവയ്ക്കരുതെന്ന് ബ്യൂറോ മുന്നറിയിപ്പ് നല്‍കുന്നു. പണം നഷ്ടപ്പെടുന്നതിനോടൊപ്പം മാനസിക സമ്മര്‍ദ്ദവും ജീവന്‍ നഷ്ടപ്പെടുന്നതിലേക്കുവരെ ഇത്തരം കുറ്റകൃത്യങ്ങള്‍ കൊണ്ടെത്തിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു.
റയാന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അമ്മ ആവശ്യപ്പെട്ടു. അന്വേഷണം പുരോഗമിക്കുകയാണെന്ന് എഫ്ബിഐ അറിയിച്ചു.
സൈബര്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് കൗമാരക്കാരും ഒപ്പം രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് എഫ്ബിഐ നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് കൗമാരക്കാര്‍ക്കിടയില്‍ ബോധവത്കരണം നടത്താനുള്ള ക്യാമ്പയിന്‍ ആരംഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരകളാകുന്നവരുടെ പരാതികളില്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട 18,000 ത്തിലധികം പരാതികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 13 മില്യണ്‍ ഡോളറിലധികം പണമാണ് തട്ടിപ്പുകളിലൂടെ ആളുകള്‍ക്ക് നഷ്ടമായതെന്ന് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കുറ്റവാളികള്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഇരകളെ വശീകരിക്കാനായി ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും എഫ്ബിഐ മുന്നറിയിപ്പ് നല്‍കി.