ലോകമെമ്പാടും മങ്കിപോക്സ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒന്റാരിയോയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ച് പ്രാദേശിക അതോറിറ്റികള്‍ക്ക് വിവരം കൈമാറാന്‍ മുതിര്‍ന്ന പബ്ലിക് ഹെല്‍ത്ത് ഉദ്യോഗസ്ഥന് ആരോഗ്യ പ്രവര്‍ത്തകരോട് ഉത്തരവിട്ടു. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ആന്‍ഡ് പ്രൊമോഷന് ആക്ടിന്റെ സെക്ഷന്‍ 77.6 പ്രകാരം പുറപ്പെടുവിച്ച ഉത്തരവില്‍ മങ്കിപോക്സ് സാധ്യതയുള്ളതോ, മങ്കിപോക്സ് ലക്ഷണങ്ങളെന്ന് സംശയിക്കുന്നതോ ആയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണെങ്കില്‍ അധികാരികളെ ഉടന്‍ അറിയിക്കണമെന്ന് നിര്‍ദേശിച്ചു.
കൈമാറുന്ന വിവരങ്ങള്‍, മങ്കിപോക്സ് സംബന്ധിച്ച അന്വേഷണത്തിനും സമ്പര്‍ക്ക സാധ്യതകള്‍ പരിശോധിക്കുന്നതിനും കോണ്ടാക്റ്റ് മാനേജ്മെന്റിനും പ്രയോജനപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. ഒന്റാരിയോയില്‍ ആദ്യ മങ്കിപോക്സ് ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുമ്പാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
അടുത്തിടെ മോണ്‍ട്രിയലിലേക്ക് യാത്ര ചെയ്ത ഒരു വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 40 വയസ്സുള്ളയാള്‍ക്കാണ് മങ്കിപോക്സ് ലക്ഷണങ്ങള്‍ കണ്ടതെന്ന് ടൊറന്റോ പബ്ലിക് ഹെല്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.