തങ്ങളെ ഒരു വെളുത്ത വാന്‍ പിന്തുടരുന്നുവെന്ന് സറേ ന്യൂട്ടണിലുള്ള യുവതികള്‍ പരാതിപ്പെട്ടതിനു പിന്നാലെ ജാഗ്രതാ നിര്‍ദ്ദേശവുമായി സ്ത്രീ സംരക്ഷണ സംഘടനയായ കൗര്‍ മൂവ്മെന്റ്. സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് അതീവ ജാഗ്രത പുലര്‍ത്താന്‍ സംഘടനാ സ്ഥാപകയായ ഗുര്‍പ്രീത് കൗര്‍ പാര്‍മര്‍ യുവതികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
25 വയസ്സില്‍ താഴെയുള്ള യുവതികളെയാണ് വാനിലെത്തുന്നവര് ലക്ഷ്യം വെക്കുന്നത്. തമാനവിസ്, പനോരമ മേഖലകളില്‍ രണ്ട് മുതല്‍ നാല് വരെ അടങ്ങുന്ന പുരുഷന്മാരുടെ സംഘം സ്ത്രീകളെ വെളുത്ത വാനിലെത്തി അവര്‍ പോകുന്നയിടങ്ങളില്‍ പിന്തുടരുന്നുവെന്ന് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു. തന്റെ പോസ്റ്റിനു പിന്നാലെ കൂടുതല്‍ സ്ത്രീകള്‍ തങ്ങള്‍ക്ക് ഈ അനുഭവമുണ്ടായതായി അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ടെന്ന് ഗുര്‍പ്രീത് കൗര്‍ വ്യക്തമാക്കുന്നു.
തങ്ങള്‍ നേരിട്ട അനുഭവം പോലീസില്‍ അറിയിക്കാന്‍ സ്ത്രീകളെ നിര്‍ദേശിച്ചെങ്കിലും പലരും മടിച്ചു. ലൈസന്‍സ് പ്ലേറ്റ് ലഭിക്കാത്തതിനാൽ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ല എന്ന തോന്നലിലാണ് പലരും പരാതിപ്പെടാന്‍ മുന്നോട്ട് വരാതിരുന്നതെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു.
അതേസമയം, സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതായി പോലീസ് അറിയിച്ചു. എന്നാല്‍ ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ കൂടുതല്‍ ലഭ്യമല്ല. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുകയാണെന്നും പോലീസ് വ്യക്തമാക്കി. സ്ത്രീകളുടെ സംരക്ഷണത്തിനായി ഗുര്‍പ്രീത് പാര്‍മര്‍, പുരുഷന്മാരുടെ സന്നദ്ധ പ്രവര്‍ത്തക സംഘത്തിനെ സജ്ജമാക്കിയിട്ടുണ്ട്. ആര്‍ക്കെങ്കിലും തങ്ങള്‍ സുരക്ഷിതമല്ലെന്ന് തോന്നുകയോ അനുഭവപ്പെടുകയോ ചെയ്താല്‍ ഇവരെ വിവരം അറിയിക്കാമെന്ന് പാര്‍മര്‍ നിര്‍ദ്ദേശിച്ചു. തന്റെ സന്നദ്ധപ്രവർത്തകർ വാഹനത്തിൽ നിന്ന് ഇറങ്ങുകയോ സംശയമുള്ളവരുമായി ഇടപഴകുകയോ ചെയ്യില്ലെന്നും പകരം പോലീസിന് ഉപയോഗപ്രദമായേക്കാവുന്ന തെളിവുകൾ ശേഖരിക്കുമെന്നും അവർ പറഞ്ഞു.