വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മരുന്ന് ക്ഷാമത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട് 

By: 600002 On: May 23, 2022, 8:28 AM

 

കേരളത്തില്‍ വരും ദിവസങ്ങളില്‍ മരുന്നുകളുടെ ലഭ്യത കുറയാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. മരുന്ന് വാങ്ങുന്നതിനായുള്ള ഈ സാമ്പത്തിക വര്‍ഷത്തെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് കഴിഞ്ഞിട്ടില്ല എന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

കര്‍ശനമായ ടെന്‍ഡര്‍ മാനദണ്ഡങ്ങളാണ് മരുന്ന് വിതരണം വൈകിപ്പിക്കുന്നത്. നിലവില്‍ 50കോടി വിറ്റുവരവുള്ള കമ്പനികള്‍ക്ക് മാത്രമാണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അവസരം. ഇതോടെ ചെറിയ കമ്പനികള്‍ക്ക് അവസരം നഷ്ടമായി. വന്‍കിടക്കാര്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചതോടെ അന്തിമ ടെന്‍ഡര്‍ വൈകുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ടെന്‍ഡര്‍ നിരക്ക് അന്തിമമാക്കിയത്. കരാര്‍ ഒപ്പുവച്ച് പണം കെട്ടിവച്ച ശേഷമാകും പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കുക. ഈ നടപടികള്‍ പൂര്‍ത്തിയാകാന്‍ ഒരുമാസത്തോളം സമയം വേണ്ടിവരുമെന്നിരിക്കെയാണ് ഇക്കാലയളവില്‍ മരുന്ന് ക്ഷാമം രൂക്ഷമാവുക.