ശനിയാഴ്ചയുണ്ടായ ശക്തമായ കൊടുങ്കാറ്റ് ക്യുബെക്കില്‍ നിരവധി നാശനഷ്ടങ്ങളുണ്ടാക്കി. പ്രവിശ്യയിലുടനീളം വൈദ്യുതി തടസ്സം നേരിടുന്നതായി അധികൃതര്‍ അറിയിച്ചു. ഏകദേശം 468,837 വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി ഹൈഡ്രോ ക്യുംബെക്ക് പറയുന്നു. ഇത്തരത്തില്‍ 1,237 വൈദ്യുതി തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാവിലെ 10 മണിയായിട്ടും ഔട്ടൗയായിസിലെ 90,000ത്തിലധികം വീടുകളിലും ലോറന്ഷ്യന്സിലെ 150,000 ത്തിലധികം വീടുകളിലും വൈദ്യുതി പുന:സ്ഥാപിക്കപ്പെട്ടില്ല. ക്യുബെക്ക് നഗരത്തിലും മൗറിസി മേഖലകളിലുമാണ് വലിയ തോതില്‍ വൈദ്യുതി തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ശനിയാഴ്ച വീശിയടിച്ച കൊടുങ്കാറ്റില്‍ മരങ്ങള്‍ വേരോടെ പിഴുതെറിയുകയും ഹൈഡ്രോ ടവറുകള്‍ക്ക് നാശനഷ്ടങ്ങളും സംഭവിച്ചു. ഗ്രേറ്റര്‍ ടൊറന്റോ ഏരിയ, ഓട്ടവ, മോണ്ട്രിയല് എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മോശം കാലാവസ്ഥാ സാഹചര്യങ്ങള്‍ മൂലം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി ശനിയാഴ്ച പുറപ്പെടുവിച്ച കാലാവസ്ഥാ അറിയിപ്പില്‍ എന്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചുഴലിക്കാറ്റുണ്ടാവുകയാണെങ്കില് ആളുകള്‍ വീടിനുള്ളില്‍ തന്നെ ഏറ്റവും താഴെയുള്ള ഒരു മുറിയില്‍ ഇരിക്കുവാനും കാലാവസ്ഥാ കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു.
ശക്തമായ കാറ്റിനെ തുടര്‍ന്ന് കുറഞ്ഞത് എട്ട് പേരെങ്കിലും മരിച്ചതായാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.