ശക്തമായ കാറ്റ്: ഓട്ടവയില്‍ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാന്‍ നാല് ദിവസമെങ്കിലുമെടുത്തേക്കാമെന്ന് അധികൃതര്‍ 

By: 600002 On: May 23, 2022, 6:38 AM

 

ശനിയാഴ്ച ഓട്ടവയെ പിടിച്ചുകുലുക്കിയ കൊടുങ്കാറ്റിനെ തുടര്‍ന്ന് നഗരത്തില്‍ വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാന്‍ മൂന്നോ നാലോ ദിവസങ്ങളെടുത്തേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. വൈദ്യുതി തടസ്സം നേരിടുന്നതില്‍ ഖേദിക്കുന്നുവെന്നും പൊതുജനങ്ങള്‍ ക്ഷമയോടെ കാത്തിരിക്കണമെന്നും മേയര്‍ ജിം വാട്‌സണ്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ഏകദേശം 170,000 ത്തിലധികം ഉപഭോക്താക്കളാണ്‌ വൈദ്യുതി തടസ്സം നേരിടുന്നത്. നാല് ദിവസമെങ്കിലും ജീവനക്കാര്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കൊടുങ്കാറ്റിനു ശേഷം ഞായറാഴ്ച ഉച്ചയോടെ ഏകദേശം 5,000 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചുകൊടുത്തതായി ഹൈഡ്രോ ഓട്ടവ അറിയിച്ചു. 

ശനിയാഴ്ച ഉച്ചതിരിഞ്ഞുണ്ടായ കൊടുങ്കാറ്റില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും റോഡുകളിലും നടപ്പാതകളിലും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. ശക്തമായ കാറ്റില്‍ ഓട്ടവയിലെ 200 ഓളം ഹൈഡ്രോ പോളുകളാണ് തകര്‍ന്നത്. 

ഹൈഡ്രോ ക്യുബെക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത് ഏകദേശം 76,905 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സം നേരിടുന്നുണ്ടെന്നാണ്. ഓട്ടൗയിസിയില്‍ ഉടനീളം വൈദ്യുതിയില്ലെന്നും ഹൈഡ്രോ ക്യുബെക്ക് അറിയിക്കുന്നു. എയ്ല്‍മറിലെ കാര്യമായ തകരാറുകള്‍ ഉള്‍പ്പെടെ ഗാറ്റിന്വയിലും വൈദ്യുതി തടസ്സം നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവിടങ്ങളില്‍ എപ്പോള്‍ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുമെന്നതിനെ കുറിച്ച് ഇതുവരെ സൂചനകള്‍ ലഭിച്ചിട്ടില്ല.