ഒന്റാരിയോയിലും ക്യുബെക്കിലും വീശിയടിച്ച ശക്തമായ കാറ്റ്; മരണം 8 ആയി, വ്യാപക നാശനഷ്ടങ്ങൾ  

By: 600007 On: May 22, 2022, 8:30 PM

തെക്കൻ ഒന്റാരിയോയിലും ക്യൂബെക്കിലും വീശിയടിച്ച ശക്തമായ കാറ്റിൽ മഴയിലും കുറഞ്ഞത് എട്ട് പേരെങ്കിലും മരിച്ചതായും വൈദ്യുതി ലൈനുകൾ തകർന്ന് ലക്ഷക്കണക്കിന് ആളുകൾക്ക് വൈദ്യുതി തടസം നേരിടുന്നതായും റിപ്പോർട്ടുകൾ. ശക്തമായ കാറ്റിൽ മരങ്ങൾ വീണാണ് ഒന്റാരിയോയിൽ ഏഴ് മരണങ്ങൾ സംഭവിച്ചതെന്ന് പോലീസ് പറയുന്നു. അതേസമയം മാസൻ-ആംഗേഴ്സിന് സമീപം ഒട്ടാവ നദിയിൽ ബോട്ട് മറിഞ്ഞാണ് ക്യുബെക്കിൽ ഒരു സ്ത്രീ മരിച്ചിട്ടുള്ളത്. 

ഓട്ടവയിൽ നിരവധി വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടാവുകയും റോഡുകളിലും നടപ്പാതകളിലും മരങ്ങൾ വീണതുമായാണ് റിപ്പോർട്ടുകൾ. ശക്തമായ കാറ്റിൽ 200 ഹൈഡ്രോ പോളുകൾ തകർന്നതായും വൈദ്യുതി തടസ്സങ്ങൾ ഏകദേശം 177,546 ഉപഭോക്താക്കളെ ബാധിച്ചിട്ടുള്ളതായി ഹൈഡ്രോ ഓട്ടവ അറിയിച്ചു. ക്യുബെക്കിൽ ഏകദേശം 370,000 ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സങ്ങൾ ബാധിച്ചിട്ടുള്ളതായി ഹൈഡ്രോ ക്യൂബെക്ക് അറിയിച്ചു. ഒന്റാരിയോയിലെ അക്സ്ബ്രിഡ്ജ്, ടൗൺഷിപ്പിൽ കാറ്റിലും മഴയിലും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായതിനെത്തുടർന്ന് പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഏകദേശം 269,000 ഉപഭോക്താക്കൾ വൈദ്യുതി തടസ്സം നേരിടുന്നതായി ഒന്റാരിയോയിലെ ഗ്രാമപ്രദേശങ്ങളിലെ താമസക്കാർക്ക് വൈദ്യുതി നൽകുന്ന ഹൈഡ്രോ വൺ ഞായറാഴ്ച രാവിലെ റിപ്പോർട്ട് ചെയ്തു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ദിവസങ്ങൾ എടുക്കുമെന്നാണ് റിപ്പോർട്ടുകൾ. 

ഞായറാഴ്ച വൈകുന്നേരത്തോടെ തെക്കൻ ക്യൂബെക്കിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് എൻവയോൺ കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.