ഒന്റാരിയോയില്‍ നടന്ന ഭീകരമായൊരു അപകടത്തിന്റെ നടുക്കം ഇതുവരെ മാറിയിട്ടില്ല സയിദ് ഹുസൈന്. ഹൈവേ 401 ലൂടെ സഞ്ചരിക്കുകയായിരുന്ന സയിദ് ഹുസൈന്റെ കാറില്‍ ഡംപ് ട്രക്ക് ഇടിച്ചതിനെ തുടര്‍ന്ന് നിരങ്ങിനീങ്ങിയ കാറില്‍ നിന്നും അത്ഭുതകരമായാണ് അദ്ദേഹം രക്ഷപ്പെട്ടത്. അരകിലോമീറ്റര്‍ ദൂരത്തില്‍ നിരങ്ങിയ ഹുസൈന് പരുക്കുകളൊന്നും കൂടാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ദൈവം തനിക്ക് പുതിയ ജീവിതമാണ് നല്‍കിയതെന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഹംബര്‍ റിവര്‍ ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ ഹുസൈന് പറഞ്ഞു. രാവിലെ 10:30 ഓടെ കീലെ സ്ട്രീറ്റ് എക്സിറ്റിന് സമീപമുള്ള കളക്ടര്‍ ലെയ്നിലൂടെ ഹുസൈന് ഡ്രൈവ് ചെയ്യുന്നതിനിടെ ഒരു ഡംപ് ട്രക്ക് അദ്ദേഹത്തിന്റെ ഹോണ്ട സിവിക്കിനെ പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നുവെന്ന് ഹുസൈന്റെ കുടുംബം പറയുന്നു.
അജാക്സില്‍ നിന്നും ടൊറന്റോയില്‍ ജോലിക്കായി പോവുകയായിരുന്നു ഹുസൈന്. അപകടം അദ്ദേഹത്തിന് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. വിവരം അറിഞ്ഞപ്പോള്‍ കുടുംബവും നടുക്കത്തിലായിരുന്നു. വിവരമറഞ്ഞതിനെ തുടര്‍ന്ന് അപകടസ്ഥലത്ത് പോലീസ് എത്തി. ഹൈവേയിലൂടെ പോയ മറ്റ് വാഹനയാത്രക്കാരുടെ സഹായത്തെ തുടര്‍ന്നാണ് ട്രക്ക് നിര്‍ത്താന്‍ കഴിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.