ബീസിയിലെ ലണ്ടന്‍ ഡ്രഗ്‌സിലെത്തുന്നവരില്‍ കൗതുകമുണര്‍ത്തി റോള്‍-ഇ റോബോട്ട്  

By: 600002 On: May 14, 2022, 12:32 PM

 

ബീസിയിലെ വിക്ടോറിയയില്‍ സ്ഥിതി ചെയ്യുന്ന ലണ്ടന്‍ ഡ്രഗ്‌സിലെത്തുന്നവര്‍ പുതിയൊരാളെ കണ്ട അത്ഭുതത്തിലാണ്. ലണ്ടന്‍ ഡ്രഗ്‌സില്‍ മരുന്നുകള്‍ വിതരണം ചെയ്യാന്‍ സഹായത്തിനെത്തിയിരിക്കുന്ന ഒരു റോബാട്ടാണ് ഉപഭോക്താക്കള്‍ക്കിടയില്‍ കൗതുകമുണര്‍ത്തിയിരിക്കുന്നത്. റോള്‍-ഇ(ROLL-E)  എന്നു പേരിട്ടിരിക്കുന്ന ഈ റോബോട്ട് നാല് ചക്രങ്ങളിലാണ് ചലിക്കുന്നത്. 

കഴിഞ്ഞ മാസം വിക്ടോറിയയിലെ കമ്പനിയുടെ ഹാരിസ് ഗ്രീന്‍ വില്ലേജ് ലൊക്കേഷനില്‍ എത്തിയത് മുതൽ റോള്‍-ഇ ഡെലിവറി റോബോട്ട് ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണെന്ന് ലണ്ടന്‍ ഡ്രഗ്‌സ് ടെക്‌നോളജി സൊല്യൂഷന്‍സ് വൈസ് പ്രസിഡന്റ് നിക്ക് കുരാലി പറയുന്നു. റോള്‍-ഇയുമായി ഇടപഴകുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റെവിടെയും ഇല്ലാത്ത പുതുമയാര്‍ന്ന സംവിധാനമാണ് തങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. 

സ്റ്റോറിന്റെ കര്‍ബ്‌സൈഡ് പിക്ക്-അപ്പ് ലൊക്കേഷനിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുക എന്നതാണ് റോള്‍-ഇയുടെ ജോലി.  റോബോട്ടിന്റെ രണ്ട് ക്യാമറകളും ജിപിഎസ് ട്രാക്കിംഗ് സിസ്റ്റവും ഉപയോഗിച്ചാണ് ലൊക്കേഷന്‍ കണ്ടെത്തുന്നത്. 

അതേസമയം റോള്‍-ഇയുടെ വിജയത്തോടെ ഈ മേഖലയിലുള്ള ജീവനക്കാരുടെ തൊഴിലിനെ ബാധിക്കുമോ എന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് ലണ്ടന്‍ ഡ്രഗ്‌സിലെ ജീവനക്കാരുടെ ജോലിയെയോ കാര്യക്ഷമതയെയോ റോള്‍-ഇയുടെ പ്രവര്‍ത്തനം ബാധിക്കില്ലെന്ന് കുരാലി പ്രതികരിച്ചു.