കോവിഡ് കാലത്തുണ്ടായ ജീവനക്കാരുടെ ക്ഷാമം മൂലം തുടര്‍ച്ചയായി സര്‍വീസുകള്‍ മുടങ്ങുന്നത് ബീസി ഫെറീസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കുന്നതിനായി ബീസി ഫെറീസ് കൂടുതല്‍ നിയമനങ്ങള്‍ നടത്താന്‍ തയ്യാറായിരിക്കുകയാണ്.
ജനുവരി മുതലാണ് നിയമനങ്ങള്‍ നടത്താന്‍ ആരംഭിച്ചത്. ഇതുവരെ 400 ഓളം ഒഴിവുകളിലേക്ക് നിയമനം നടത്തി. വെസലുകളിലും ടെര്‍മിനലുകളിലും അഡ്മിനിസ്‌ട്രേഷനിലും ഉള്‍പ്പെടെ നിരവധി തസ്തികകളിലേക്ക് കോര്‍പ്പറേഷന് ഇനിയും 100 ഒഴിവുകള്‍ കൂടി നികത്തേണ്ടതുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ലൈസന്‍സുള്ള എഞ്ചിനിയര്‍മാരെയും ഓഫീസര്‍മാരെയും കോര്‍പ്പറേഷനിലേക്ക് അത്യാവശ്യമാണെന്ന് ബീസി ഫെറീസ് വക്താവ് ഡെബോറ മാര്‍ഷല്‍ പറഞ്ഞു. ജീവനക്കാരെ നിയമിക്കുമ്പോള്‍ താമസ സൗകര്യത്തിനായുള്ള ഉയര്‍ന്ന ചെലവുകള്‍ വലിയ വെല്ലുവിളിയാണ്. അതിനാല്‍ ജീവനക്കാരെ ആകര്‍ഷിക്കുന്നതിനായി ലൈവ് എബോഡ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ജീവനക്കാര്‍ക്ക് രണ്ടാഴ്ച ജോലി ചെയ്താല്‍ രണ്ടാഴ്ച അവധി നല്‍കും എന്നാണ് റിപ്പോർട്ടുകൾ.