മാനിറ്റോബയില്‍ വെള്ളപ്പൊക്കം അതിരൂക്ഷം: സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ പങ്കുവെച്ച് നാസ  

By: 600002 On: May 14, 2022, 10:13 AM

 

തെക്കന്‍ മാനിറ്റോബയില്‍ കനത്ത നാശനഷ്ടങ്ങള്‍ വിതച്ച് വെള്ളപ്പൊക്കം താണ്ഡവമാടുകയാണ്. വെള്ളപ്പൊക്കം കാരണം താഴ്ന്ന പ്രദേശങ്ങള്‍ കൂടുതല്‍ അപകടസാധ്യതയിലും ദുരിതത്തിലുമായിരിക്കുകയാണ്. സ്ഥിതിഗതികള്‍ രൂക്ഷമാകുന്നതിനു മുമ്പ് ആയിരക്കണക്കിന് പേരെയാണ് മാനിറ്റോബയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. നാസ പുറത്തുവിട്ടിരിക്കുന്ന മാനിറ്റോബയിലെ വെള്ളപ്പൊക്കത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ സ്ഥിതി അതിരൂക്ഷമായിരിക്കുന്നുവെന്ന് കാണിക്കുന്നു. 

റെഡ് റിവര്‍ വാലിയിലെ വെള്ളപ്പൊക്കത്തിന്റെ ഉപഗ്രഹ ചിത്രങ്ങളാണ് 'എര്‍ത്ത് ഒബ്‌സര്‍ വേറ്ററിസ് ഇമേജ്‌സ് ഓഫ് ദ ഡേ'  എന്ന പേരില്‍ നാസ പങ്കുവെച്ചിരിക്കുന്നത്. ചൊവ്വ, ബുധന്‍, ദിവസങ്ങളില്‍ എടുത്ത കാനഡ-യുഎസ് അതിര്‍ത്തിയില്‍ ഇരുവശത്തുമുള്ള താഴ്‌വരയിലെ രണ്ട് ഫാള്‍സ്-കളര്‍ ഇമേജുകളാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. നാസയുടെ രണ്ട് ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് ഭൂമിയെയും കാലാവസ്ഥാ ഗതിയെയും ട്രാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന സെന്‍സറുകള്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. 

വിന്നിപെഗ്ഗിലും ബ്രാന്‍ഡന് സമീപം പടിഞ്ഞാറന്‍ ഭാഗത്തും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി എണ്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചെയ്ഞ്ച് കാനഡ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഏകദേശം 2500 പേരെ ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.